ജയസൂര്യയ്ക്ക് 100, ഇരട്ടി മധുരം

PTI
ശ്രീലങ്കന്‍ വെടിക്കെട്ട് ബാറ്റ്സ്‌മാന്‍ ജയസൂര്യയ്ക്ക് ഇന്ത്യക്ക് എതിരെയുള്ള ആദ്യ ഏകദിനത്തില്‍ രണ്ട് നേട്ടങ്ങള്‍, റണ്‍ വേട്ടയില്‍ 13000 ക്ലബിലേക്കുള്ള കയറ്റവും സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനെന്ന ബഹുമതിയും.

ഇന്ത്യയുമായുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്‌സരത്തില്‍ വ്യക്തിഗത സ്കോര്‍ 37 നില്‍ക്കുമ്പോഴാണ് ജയസൂര്യ 13000 റണ്‍സ് എന്ന നാഴികകല്ല് പിന്നിട്ടത്. റണ്‍ വേട്ടയുടെ കാര്യത്തില്‍ ഇനി ജയസൂര്യയ്ക്ക് മുന്നിലുള്ളത് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണ്.

കളിയിലുടനീളം അടിച്ചു തകര്‍ത്ത മുപ്പത്തിയൊമ്പതുകാരനായ ജയസൂര്യ 108 പന്തുകളില്‍ നിന്ന് 10 ഫോറുകളുടെയും ഒരു സിക്സറിന്‍റെയും പിന്‍‌ബലത്തിലാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ സെഞ്ച്വറിതികയ്ക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായത്.

428 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ജയസൂര്യ 28 സെഞ്ച്വറികളും 67 അര്‍ദ്ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. 11739 റണ്‍സ് നേടിയിട്ടുള്ള മുന്‍ പാകിസ്ഥാന്‍ താരം ഇന്‍സമാം ഉള്‍ ഹക്കാണ് റണ്‍ വേട്ടയില്‍ ജയസൂര്യക്ക് പിന്നില്‍.

ഏകദിനത്തിലെ ആദ്യ പത്ത് റണ്‍ വേട്ടക്കാര്‍ - (കളിക്കാരന്‍റെ പേര്, രാജ്യം, നേടിയ റണ്‍സ് എന്ന ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ - ഇന്ത്യ - 16422
സനത് ജയസൂര്യ - ശ്രീലങ്ക - 13000
ഇന്‍സമാം ഉള്‍ ഹക്ക് - പാകിസ്ഥാന്‍ - 11739
സൌരവ് ഗാംഗുലി - ഇന്ത്യ - 11363
റിക്കി പോണ്ടിംഗ് - ഓസ്‌ട്രേലിയ - 11315
രാഹുല്‍ ദ്രാവിഡ് - ഇന്ത്യ -10585
ബ്രയ്ന്‍ ലാറ - വെസ്റ്റ് ഇന്‍ഡീസ് - 10405
ജാക്വസ് കാലിസ് - ദക്ഷിണാഫ്രിക്ക - 10057
ആഡം ഗില്‍ക്രിസ്റ്റ് - ഓസ്‌ട്രേലിയ - 9619
മുഹമ്മദ് അസ്‌റുദീന്‍ - ഇന്ത്യ - 9378

വെബ്ദുനിയ വായിക്കുക