ചാമ്പ്യന്‍സ് ലീഗ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു തോല്‍വി
തിങ്കള്‍, 15 ഒക്‌ടോബര്‍ 2012 (10:09 IST)
PRO
ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20യില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു പരാജയം. സിഡ്‌നി സൂപ്പര്‍ സിക്‌സേഴ്‌സിനു മുന്നില്‍ 14 റണ്‍സിനാണ് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ടീം തോല്‍വി ഏറ്റുവാങ്ങിയത്. ടോസ് നേടിയ ധോണി എതിരാളികളെ ബാറ്റിംഗിനയച്ചു. നിശ്‌ചിത ഇരുപതോവറില്‍ സിഡ്‌നി സിക്‌സേഴ്‌സ് അഞ്ചു വിക്കറ്റിന് 185 റണ്‍സ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് ഒന്‍പതു വിക്കറ്റ് നഷ്‌ടപ്പെടുത്തി 171 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. എതിരാളികളെ ബാറ്റിംഗിനയച്ച ധോണിയുടെ തീരുമാനം തെറ്റാണെന്ന് തെളിയിച്ച് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി എതിരാളികളെ സമ്മര്‍ദത്തിലാഴ്‌ത്തിയ സിക്‌സേഴ്‌സിന്റെ മത്സരതന്ത്രം വിജയം നേടുകയായിരുന്നു.
കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ചെന്നൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. മൂന്നു റണ്‍സ് മാത്രമെടുത്ത് ഓപ്പണര്‍ മുരളി വിജയ് പുറത്തായി.എന്നാല്‍ പിന്നീട് ഡ്യൂപ്ലെസിസ് തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്തതോടെ ചെന്നൈ സ്‌കോര്‍ ഏഴോവറില്‍ അറുപതു കടന്നു. എന്നാല്‍ അടുത്തടുത്ത പന്തുകളില്‍ ഡ്യൂപ്ലെസിസും ഹസിയും പുറത്തായത് ചെന്നൈക്കു തിരിച്ചടിയായി.
25 പന്തില്‍ അഞ്ചു ബൗണ്ടറികളുടെയും രണ്ടു സിക്‌സറുകളുടെയും അകമ്പടിയോടെ 43 റണ്‍സെടുത്ത ഡ്യൂപ്ലെസിസാണ് ആദ്യം പുറത്തായത്. കമ്മിന്‍സിന്റെ പന്തില്‍ സ്‌റ്റാര്‍ക് ക്യാച്ചെടുത്തു. തൊട്ടുപിന്നാലെ 16 റണ്‍സെടുത്ത ഹസിയെ ഒക്കീഫെ ലുംബിന്റെ കൈകളിലെത്തിച്ചു. നാലാമനായിറങ്ങിയ സുരേഷ് റെയ്‌നയുടെ ഒറ്റയാള്‍ പോരാട്ടമാണ് ചെന്നൈയെ മാന്യമായ സ്‌കോറിലെത്തിച്ചത്. എന്നാല്‍ റെയ്‌നയ്‌ക്കു പിന്തുണ നല്‍കാന്‍ ടീമിനു കഴിഞ്ഞില്ല.
മൂന്നു വിക്കറ്റിന് 67 എന്ന നിലയില്‍ പതറിയ ചെന്നൈയെ 14.2 ഓവറില്‍ 122 വരെയെത്തിച്ചത് റെയ്‌ന-ബദരിനാഥ് കൂട്ടുകെട്ടായിരുന്നു.ബദരിനാഥിന്റെ സംഭാവന ആറു റണ്‍സ് മാത്രമായിരുന്നു. ബദരിനാഥ് പുറത്തായതിനു പിന്നലെ 57 റണ്‍സെടുത്ത് റെയ്‌ന (33 പന്തില്‍ 57) യും മടങ്ങിയെങ്കിലും ചെന്നൈക്ക് ജയസാധ്യതയുണ്ടായിരുന്നു. എന്നാല്‍ ധോണി (8)യും ഓള്‍റൗണ്ടര്‍ ജഡേജ (2)യും പെട്ടെന്നു തന്നെ കൂടാരം കയറി. അശ്വിന്‍ 9 പന്തില്‍ 18 റണ്‍സ് നേടിയെങ്കിലും ജയിക്കാന്‍ അതു മതിയാവില്ലായിരുന്നു. സിക്‌സേഴ്‌സിനു വേണ്ടി സ്‌റ്റാര്‍ക്ക് മൂന്നുവിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്‌ത സിക്‌സേഴ്‌സിനുവേണ്ടി മധ്യനിരയില്‍ 23 പന്തില്‍ 49 റണ്‍സ് വാരിയ ഹെന്റിക്കസ് മൂന്നു വിക്കറ്റ് വീഴ്‌ത്തി ബൗളിംഗിലും തിളങ്ങി. സിക്‌സേഴ്‌സ് ഓപ്പണിംഗ് സഖ്യം ആറോവറില്‍ 50 റണ്‍സ് നേടിയശേഷമാണ് പിരിഞ്ഞത്. 18 റണ്‍സെടുത്ത ലുംബിനെ ജഡേജയാണ് പുറത്താക്കിയത്.
ഷെയ്‌ന്‍ വാട്‌സണ്‍ (30 പന്തില്‍ 46), ബ്രാഡ് ഹാഡിന്‍ (18 പന്തില്‍ 20), സ്‌റ്റീവന്‍ സ്‌മിത്ത് (17 പന്തില്‍ 26) എന്നിവര്‍ ആക്രമിച്ചു കളിച്ചതോടെ സ്‌കോര്‍ ഉയര്‍ന്നു. അവസാന ഓവറുകളില്‍ ഹെന്റിക്കസ് ചെന്നൈ ബൗളര്‍മാരെ തകര്‍ത്തതോടെ 185 എന്ന പടുകൂറ്റന്‍ സ്‌കോറിലേക്ക് അവരെത്തി. ചെന്നൈക്കുവേണ്ടി അശ്വിന്‍ രണ്ടും ജഡേജയും ഹില്‍ഫെന്‍ഹോസും ഓരോ വിക്കറ്റും വീഴ്‌ത്തി.