ഗംഭീറിന് റെക്കോഡ് തുക, ലേലം ഇന്നും തുടരും

ഞായര്‍, 9 ജനുവരി 2011 (10:45 IST)
PRO
ഐ പി എല്‍ ലേലം ബാംഗ്ലൂരില്‍ ഇന്നും തുടരും. ഇന്നലെ നടന്ന ലേലത്തില്‍ റെക്കോഡ് തുകയ്ക്കായിരുന്നു താരങ്ങള്‍ വിറ്റുപോയത്. 11.04 കോടിക്ക് വിറ്റുപോയ ഗൌതം ഗംഭീറിനായിരുന്നു ഏറ്റവും കൂടുതല്‍ തുക ലഭിച്ചത്. ഇന്ന് 71 താരങ്ങള്‍ ആണ് ലേലത്തിനുള്ളത്.

ഗൌതം ഗംഭീറിനെ കൂടാതെ, യൂസഫ്‌ പഠാനും റോബിന്‍ ഉത്തപ്പയും രോഹിത്‌ ശര്‍മയും വിലയേറിയ താരങ്ങളുടെ പട്ടികയിലെത്തി. യൂസഫ്‌ പഠാനെ 9.7 കോടി രൂപയ്ക്ക്‌ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സും ഉത്തപ്പയെ 9.66 കോടി രൂപയ്ക്ക്‌ പുണെ വാരിയേഴ്സും രോഹിത്‌ ശര്‍മയെ 9.2 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സും സ്വന്തമാക്കി. 46 ലക്ഷം രൂപ അടിസ്ഥാന വിലയുമായി ഇറങ്ങിയ സൗരവ്‌ തിവാരിയെ 7.36 കോടി രൂപയ്ക്ക്‌ റോയല്‍ ചലഞ്ചേഴ്സ്‌ സ്വന്തമാക്കിയപ്പോള്‍ വാങ്ങാന്‍ ആളില്ലാതെയും താരങ്ങള്‍ ഉണ്ടായിരുന്നു.


ഇന്നലെ നടന്ന ലേലത്തില്‍ കൊച്ചി ഐ പി എല്‍ ടീം 11 താരങ്ങളെ സ്വന്തമാക്കിയിരുന്നു. ശ്രീലങ്കന്‍ താരം മഹേള ജയവര്‍ധനയെയായിരുന്നു കൊച്ചി ടീം ഏറ്റവുമാദ്യം സ്വന്തമാക്കിയത്. 6.9 കോടിക്കായിരുന്നു ജയവര്‍ധനയെ വാങ്ങിയത്. ജയവര്‍ധനയ്ക്ക് പിന്നാലെ പിന്നെ എത്തിയത് 11 താരങ്ങളായിരുന്നു. ബ്രണ്ടന്‍ മക്കല്ലം, മുത്തയ്യ മുരളീധരന്‍, രവീന്ദ്ര ജഡേജ, ആര്‍ പി സിംഗ്, ബ്രാഡ് ഹോഡ്ജ്, വി വി എസ് ലക്ഷ്മണ്‍, പാര്‍ത്ഥിവ് പട്ടേല്‍, സ്റ്റീവന്‍ സ്മിത്ത്, രമേഷ് പൊവാര്‍ എന്നിവരാണ് കൊച്ചി ടീമില്‍ ഇതുവരെയെത്തിയ മറ്റംഗങ്ങള്‍.

സൌരവ് ഗംഗുലി, ബ്രയന്‍ ലാറ, ബൗച്ചര്‍, ഗെയില്‍, ഗിബ്സ്‌ എന്നിവരെ വാങ്ങാന്‍ ആരും തയ്യാറായില്ല. റോയല്‍ ചലഞ്ചേഴ്സാണ്‌ ആദ്യദിനം ഏറ്റവും കൂടുതല്‍ പണം വാരിയെറിഞ്ഞത്‌. 35.7 കോടി രൂപ. 340 കളിക്കാര്‍ക്കു വേണ്ടിയാണ്‌ ലേലം നടക്കുന്നത്‌.

വെബ്ദുനിയ വായിക്കുക