ക്ലാര്‍ക്കിന് ട്രിപ്പിള്‍ സെഞ്ച്വറി; റണ്‍‌മഴയില്‍ ഇന്ത്യ മുങ്ങി!

വ്യാഴം, 5 ജനുവരി 2012 (09:36 IST)
സിഡ്നി ടെസ്റ്റില്‍ മൈക്കിള്‍ ക്ലാര്‍ക്കും കൂട്ടരും പെയ്യിച്ച റണ്‍‌മഴയില്‍ ഇന്ത്യ മുങ്ങി. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ക്ലാര്‍ക്കിന്റെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറി(329 നോട്ടൌട്ട്) സിഡ്നിയില്‍ പിറന്നു.

അതേസമയം ക്ലാര്‍ക്ക് ലോക റെക്കോര്‍ഡ് നേടാന്‍ ശ്രമിച്ചില്ല. ബ്രയിന്‍ ലാറയുടെ (400 റണ്‍സ്) ലോക റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം നടത്താതെ തന്നെ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യാന്‍ ക്ലാര്‍ക്ക് തീരുമാനിക്കുകയായിരുന്നു. ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ഇരുപത്തിയൊന്നാമത്തെ താരമാണ് ക്ലാര്‍ക്ക്, ആറാമത്തെ ഓസ്ട്രേലിയന്‍ താരവും.

സിഡ്നിയില്‍ ഒരു ഓസ്ട്രേലിയന്‍ താരത്തിന്റെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറിയാണിത്. മൈക്ക് ഹസി 150 റണ്‍സ് നേടിയതിന് പിന്നാലെയായിരുന്നു ഓസീസ് ഡിക്ലയര്‍ ചെയ്തത്. 659/4 ആണ് ഓസീസിന്റെ സ്കോര്‍. ഇതോടെ അവര്‍ 468 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി.

നേരത്തെ, ഒന്നാം ഇന്നിംഗ്സില്‍ 191 റണ്‍സിന് ഇന്ത്യ ഓള്‍‌ഔട്ട് ആയിരുന്നു.

വെബ്ദുനിയ വായിക്കുക