കോടതി ബലത്തില്‍ വീണ്ടും പാക് താരങ്ങള്‍

ചൊവ്വ, 17 ഫെബ്രുവരി 2009 (15:05 IST)
PRO
ഐസി‌എല്ലില്‍ പങ്കെടുക്കുന്ന ആറ് കളിക്കാര്‍ക്ക് കൂടി ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ പാക് കോടതി അനുമതി നല്‍കി. സിന്ധ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. കഴിഞ്ഞ ആഴ്ച ഐസി‌എല്ലില്‍ കളിക്കുന്ന 11 പേര്‍ക്ക് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഏര്‍പ്പെടുത്തിയ വിലക്ക് കോടതി നീക്കിയിരുന്നു.

കോടതിവിധി മാനിക്കുന്നതായി പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. അതേസമയം അംഗീകാരമില്ലാ‍ത്ത ടൂര്‍ണമെന്‍റുകളില്‍ പങ്കെടുക്കുന്ന കളിക്കാര്‍ക്കെതിരെ ജൂണ്‍ ആദ്യം മുതല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഇജാസ് ബട്ട് പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സിലിന്‍റെയും ബിസിസിഐയുടെയും അംഗീകാരമില്ലാത്ത ഐസി‌എല്ലില്‍ പങ്കെടുത്തതിനാ‍യിരുന്നു താരങ്ങള്‍ക്ക് പാകിസ്ഥാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്. 2007ലാണ് മുന്‍ ക്യപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹക്കിനെയും മുഹമ്മദ് യൂസഫിനെയും ഉള്‍പ്പെടെ ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിസിബി വിലക്കിയത്.

വെബ്ദുനിയ വായിക്കുക