കെനിയ ഓസീസിനോട് ‘ജയിച്ചു’, തോറ്റു!

Webdunia
തിങ്കള്‍, 14 മാര്‍ച്ച് 2011 (10:31 IST)
PRO
PRO
ലോകകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ കുഞ്ഞന്‍‌മാരായ കെനിയ കരുത്തരായ ഓസീസിനു മുന്നില്‍ പൊരുതി കീഴടങ്ങി. ഗ്രൂപ്പ്‌ എ മത്സരത്തില്‍ കെനിയയെ ഓസ്‌ട്രേലിയ 60 റണ്‍സിനാണ് പരാജയപ്പെടുത്തിയത്.

പരാജയപ്പെട്ടെങ്കിലും ഓസീസ് ബൌളിംഗില്‍ വിള്ളല്‍ വീണുവെന്ന് തെളിയിക്കാന്‍ കെനിയക്കായി. ഈ ലോകകപ്പില്‍ കെനിയുടെ ഏറ്റവും മികച്ച മത്സരം കൂടിയായിരുന്നു ഇത്.

ഓസീസ് ഉയര്‍ത്തിയ 325 റണ്‍സിന്റെ വിജയലക്‍ഷ്യം പിന്തുടര്‍ന്ന് കെനിയയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 46 റണ്‍സിനിടെ ആദ്യ മൂന്നു വിക്കറ്റുകള്‍ വീണു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ ഓസീസിന് സന്തോഷിക്കാന്‍ വകനല്‍കുന്നത് ആയിരുന്നില്ല. പുറത്താകാതെ 98 റണ്‍സെടുത്ത കെനിയയുടെ കോളിന്‍സ് ഒബൂയയുടെ പോരാട്ടവീര്യത്തിനു മുന്നില്‍ ഓസീസ് ഒരു ഘട്ടത്തില്‍ വിറച്ചിരുന്നു. പോണ്ടിങ്ങിന്റെ വിക്കറ്റും വീഴ്ത്തീയ ഒബൂയയാണ് മാന്‍ ഓഫ് ദ മാച്ച്. തന്മയ് മിശ്രയും(72) തോമസ് ഒഡോയയും(35) കെനിയന്‍ നിരയില്‍ തിളങ്ങി. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസീസിനെതിരെ 264 നേടാന്‍ കഴിഞ്ഞത് തന്നെ വിജയമായാകും കെനിയ കരുതുക.

ആദ്യം ബാറ്റ്‌ചെയ്ത ഓസ്‌ട്രേലിയയെ ഒരു ഘട്ടത്തില്‍ പ്രതിരോധത്തിലാക്കാന്‍ കെനിയന്‍ ബൌളര്‍മാര്‍ക്ക് കഴിഞ്ഞിരുന്നു. ഓപ്പണര്‍ വാട്ട്‌സന്റെ വിക്കറ്റ് അവര്‍ക്ക് നഷ്ടമാവുകയും ചെയ്തു. 127ന് ഒന്ന് എന്ന നിലയില്‍ നിന്ന് 143ന് നാല് എന്ന നിലയിലേക്കു ഓസീസ് വീണിരുന്നു. എന്നാല്‍ ഹാഡിനും (65)പോണ്ടിംഗും (36), ക്ലാര്‍ക്കും (93) ചേര്‍ന്ന് ഒസീസ് സ്കോര്‍ 324 ല്‍ എത്തിക്കുകയായിരുന്നു. ടീമിലേക്ക് തിരിച്ചുവിളിക്കപ്പെട്ട ഹസി 54 റണ്‍സ് എടുത്തു.

ഓസ്‌ട്രേലിയക്കായി ടെയ്റ്റ് രണ്ടുവിക്കറ്റ് വീഴ്ത്തി.