ലോകത്തെ ഏതു ടീമിനെയും തോല്‍പ്പിക്കാനുള്ള കരുത്ത് പാകിസ്ഥാന്‍ ടീമിനുണ്ടെന്ന് നായകന്‍ മുഹമ്മദ് യൂസഫ്. സിഡ്നിയില്‍ ജയിക്കാമായിരുന്ന മത്സരം കൈവിട്ടു കളഞ്ഞതില്‍ നിരാശരായി ഇരിക്കാതെ അടുത്ത മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടീം അംഗങ്ങളോട് യൂസഫ് ആവശ്യപ്പെട്ടു.
സിഡ്നിയിലെ മത്സരം ഞങ്ങള്‍ ജയിക്കണമായിരുന്നു. ഓസ്ട്രേലിയയെ കീഴടക്കാന്‍ ഞങ്ങള്‍ക്കാവുമെന്ന് പരമ്പരയ്ക്ക് മുന്‍പ് തന്നെ പലരും കരുതിയിരുന്നു. എന്നാല്‍ ആദ്യ മൂന്നു ദിവസവും മികച്ച രീതിയില്‍ കളിച്ചശേഷവും തോല്‍വി വഴങ്ങേണ്ടി വന്നതില്‍ നിരാശയുണ്ട്. എങ്കിലും അവസാന ടെസ്റ്റില്‍ വിജയിച്ച് അഭിമാനം വീണ്ടെടുക്കാന്‍ ശ്രമിക്കുമെന്നും യൂസഫ് പറഞ്ഞു.
പരമ്പരയുടെ തുടക്കം മുതല്‍ ഓസ്ട്രേലിയയെ തോല്‍പ്പിക്കാനാവുമെന്ന ആത്മവിശ്വാസമില്ലാതെയാണ് പാകിസ്ഥാന്‍ കളിച്ചതെന്ന് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് യൂസഫിന്‍റെ പ്രതികരണം. അതേസമയം പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ഇജാസ് ബട്ടിനെ പുറത്താക്കണമെന്ന് പാര്‍ലമെന്‍റിലെ സ്പോര്‍ട്സ് കമ്മിറ്റിയുടെ തലവനായ ജംഷെദ് ദസ്തി ആവശ്യപ്പെട്ടു.
രണ്ടാം ടെസ്റ്റിലെ തോല്‍വിയെ തുടര്‍ന്ന് നായകന്‍ മുഹമ്മദ് യൂസഫിനെയും കോച്ച് ഇന്‍തികാബ് ആലത്തെയും പുറത്താക്കണമെന്ന് മുന്‍ താരങ്ങളും ആരാധകരും ആവശ്യപ്പെട്ടിരുന്നു.