ഇന്ത്യ 453ന് പുറത്ത്,​ 219 റണ്‍സിന്റെ ലീഡ്

വെള്ളി, 8 നവം‌ബര്‍ 2013 (13:05 IST)
PTI
വെസ്റ്റ് ഇന്‍ഡീസിനെതിരെ കൊല്‍ക്കത്തയില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ എതിര്‍ടീമിന്റെ ഒന്നാമിന്നിംഗ്സ് സ്കോറായ 234ന് മറുപടിയായി ഇന്ത്യ 453 റണ്‍സെടുത്ത് പുറത്തായി.

219 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിങ്സ് ലീഡ്. 354/6 എന്ന നിലയില്‍ മൂന്നാംദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്കു വേണ്ടി ആര്‍ അശ്വിന്‍ സെഞ്ച്വറി നേടി.

ആര്‍ അശ്വിന്റെയും രോഹിത്ത് ശര്‍മ്മയുടെയും സെഞ്ച്വറി മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി രോഹിത് ശര്‍മ്മ 177 റണ്‍സും അശ്വിന്‍ 124 റണ്‍സും നേടി. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 250 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്.

വിന്‍ഡീസിന് വേണ്ടി ഷില്ലിംഗ്ഫോര്‍ഡ് സച്ചിന്റെയുള്‍പ്പടെ ആറു വിക്കറ്റ് വീഴ്ത്തി. വിടവാങ്ങല്‍ പരമ്പരയിലെ ആദ്യ ഇന്നിംഗ്സില്‍ ബാറ്റിംഗിന് ഇറങ്ങിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പത്ത് റണ്‍സിന് പുറത്തായിരുന്നു.

24 പന്തില്‍ നിന്ന് 10 റണ്‍സെടുത്ത സച്ചിന്‍ ഷില്ലിംഗ്‌ഫോര്‍ഡിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുരുങ്ങുകയായിരുന്നു.

വെബ്ദുനിയ വായിക്കുക