സിംബാബ്‌വേക്കെതിരായ മൂന്നാം ഏകദിനം ഏഴ് വിക്കറ്റിന് ജയിച്ച് ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പര തൂത്തുവാരി. സിംബാബ്‌വേ ഉയര്‍ത്തിയ 183 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്.
നാല് വിക്കറ്റ് നേടിയ സ്പിന്നര്‍ അമിത് മിശ്രയാണ് ഇന്ത്യന്‍ നിരയില്‍ ഏറ്റവും തിളങ്ങിയത്. മുഹമ്മദ് സമി രണ്ട് വിക്കറ്റും രവീന്ദ്ര ജഡേജയും വിനയ്കുമാറും ഓരോ വിക്കറ്റും വീഴ്ത്തി. 46 ഓവറില്‍ 183 റണ്‍സിന് സിംബാബ്‌വേയുടെ ഇന്നിംഗ്‌സ് അവസാനിക്കുകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം പതറിച്ചയോടെയായിരുന്നു. രോഹിത് ശര്‍മ്മ(14)യാണ് ആദ്യം പുറത്തായത്. മികച്ച ഫോമിലുള്ള ശിഖര്‍ ധവാനെ(32 പന്തില്‍ നിന്നും 35) ചതാര സിബാന്‍ഡെയുടെ കൈകളിലെത്തിച്ചു. മൂന്നാം വിക്കറ്റ് റായിഡുവിന്റെ രൂപത്തില്‍ വീഴുമ്പോഴേക്കും(3-131) ഇന്ത്യ സുരക്ഷിത മേഖലയിലെത്തിയിരുന്നു.
വിരാട് കോഹ്‌ലിയുടെ(68) ഇന്നിംഗ്സാണ് ഇന്ത്യന്‍ മറുപടിയില്‍ നിര്‍ണ്ണായകമായത്. അഞ്ചാമനായി ഇറങ്ങിയ സുരേഷ് റെയ്‌ന 18 പന്തില്‍ നിന്നും 28 റണ്‍സ് എടുത്ത് ഇന്ത്യക്ക് വിജയം കൈവരിക്കുകയായിരുന്നു.