ഇന്ത്യ-ഇംഗ്ലണ്ട് അവസാന മത്സരം തുടങ്ങാന്‍ വൈകും

ശനി, 26 ജനുവരി 2013 (16:54 IST)
PTI
PTI
ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയിലാണ്. കനത്ത മഞ്ഞുവീഴ്ച മൂലം മത്സരം അരമണിക്കൂര്‍ വൈകി ആയിരിക്കും തുടങ്ങുകയെന്ന് ബി സി സി ഐ അറിയിച്ചു. രാവിലെ ഒമ്പതിന് തുടങ്ങേണ്ട മത്സരം ഒമ്പതരയാകും. പരമ്പര 3-1ന് ഇന്ത്യ നേടിക്കഴിഞ്ഞു.

അതിമനോഹരമായ പ്രദേശമാ‍യ ധര്‍മശാല ക്രിക്കറ്റ് മത്സരത്തിനായി ഒരുങ്ങിക്കഴിഞ്ഞു. പക്ഷേ കാലാവസ്ഥ ചതിയ്ക്കുമോ എന്ന പേടി നിലനില്‍ക്കുന്നുണ്ട്. ഭയങ്കരമായ മഞ്ഞുവീഴ്ചയാണ് കഴിഞ്ഞ വാരം ഈ പ്രദേശത്ത് ഉണ്ടായത്.

അഞ്ചു ഡിഗ്രിയില്‍ താഴെയാണ് സമീപദിവസങ്ങളില്‍ ധര്‍മശാലയിലെയും പരിസരത്തെയും താപനില. കാലാവസ്ഥ മെച്ചപ്പെട്ട് മത്സരം സുഗമമായി നടക്കുന്നതിനായി ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതര്‍ പൂജ നടത്തി എന്നാണ് വിവരം. സമീപത്തെ ക്ഷേത്രത്തില്‍ ആയിരുന്നു പൂജ.

മുമ്പും മത്സരം സുഗമമായി നടക്കാന്‍ ഇവിടെ പൂജ നടത്തിയിട്ടുണ്ട്. ഐ പി എല്‍ മത്സരങ്ങള്‍ നടക്കുമ്പോഴായിരുന്നു ഇത്. ഇത് ഫലം കാണുകയും ചെയ്തിരുന്നു. ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര മത്സരം ഇവിടെ നടക്കാന്‍ പോകുന്നത്.

വെബ്ദുനിയ വായിക്കുക