ഇന്ത്യയുടെ പാക് പര്യടനം ഇല്ലാതാക്കിയത് അതിര്‍ത്തി പ്രശ്നം!

വ്യാഴം, 24 ജനുവരി 2013 (17:02 IST)
PRO
PRO
ഇന്ത്യന്‍ ടീമിന്റെ പാകിസ്ഥാന്‍ പര്യടനം ഇല്ലാതാക്കിയത് അതിര്‍ത്തി പ്രശ്നമാണെന്ന് വെളിപ്പെടുത്തല്‍. പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സാകാ അഷ്‌റഫാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാകിസ്ഥാന്‍ യാത്ര സംബന്ധിച്ച കാര്യങ്ങള്‍ ഏറെക്കുറെ അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടാകുന്നത്.

ബിസിസിഐയും സര്‍ക്കാര്‍ പ്രതിനിധികളുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. പര്യടനത്തിനിടെ ടീമംഗങ്ങളുടെ പരിശീലനം നല്‍കുവാനുള്ള രൂപരേഖ പോലും നല്‍കിയിരുന്നു. ഇന്ത്യയെയും ബംഗ്ലാദേശിനെയും പാക് മണ്ണിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തുമെന്നും അതിന് എല്ലാവിധ സഹകരണവും ആതിഥേയത്വവും നല്‍കുമെന്നും സാകാ പറഞ്ഞു. ലോകത്തിന് പാകിസ്ഥാനെക്കുറിച്ചുള്ള അഭിപ്രായത്തെക്കുറിച്ച് തനിക്ക് നിരാശയില്ലെന്നും 2009-ല്‍ ശ്രീലങ്കന്‍ ടീമിനു നേരിടേണ്ടി വന്ന ആക്രമണമാണ് ജനങ്ങളുടെ അഭിപ്രായം മോശമാക്കിയത്.

മറ്റു രാജ്യങ്ങളിലെ കളിക്കാരുടെ കുടുംബാംഗങ്ങളീല്‍ പോലും ഇത്തരമൊരു അഭിപ്രായമുണ്ട്. അതുകൊണ്ട് തന്നെ അവരുടെ പ്രിയപ്പെട്ടവരെ പാകിസ്ഥാനിലേക്ക് അയയ്ക്കാന്‍ മടിയുണ്ട്. എന്നാല്‍ അവര്‍ സമ്മതിക്കുമെങ്കില്‍ ഓരോ കളിക്കാരനും രണ്ട് കോടി യു എസ് ഡോളറിന്റെ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങള്‍ നല്‍കാന്‍ തയാറാണെന്ന് സാകാ അഷ്‌റഫ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക