ഇന്ത്യന്‍ ക്രിക്കറ്റിനെ ചുമലിലേന്തുന്ന മഹാരഥനാണ് സച്ചിന്‍: രാഹുല്‍ ദ്രാവിഡ്

ബുധന്‍, 22 ഓഗസ്റ്റ് 2012 (13:07 IST)
PRO
PRO
ന്യൂസിലാന്‍ഡിനെതിരെയുള്ള ടെസ്‌റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് താങ്ങായി ലിറ്റില്‍ മാസ്റ്റര്‍ സച്ചിന്‍ ടെന്റുല്‍ക്കര്‍ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നതായി രാഹുല്‍ ദ്രാവിഡ്. വി.വി.എസ് ലക്ഷ്മണിന്റെ അഭാവത്തില്‍ സച്ചിന്‍ ടീമിന് മികച്ച പിന്തുണ നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 16 വര്‍ഷമായി ഇന്ത്യന്‍ ടീമിനെ തികഞ്ഞ ഉത്തരവാദിത്തത്തോടെ തന്റെ ചുമലിലേന്തിയ മഹാനായ ക്രിക്കറ്ററാണ് സച്ചിന്‍. അദ്ദേഹത്തിന്റെ ഉത്തരവാദിത്വവും ചുമതലയും ഭാവിയിലുമുണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്ന് ദ്രാവിഡ് പറഞ്ഞു.

ലക്ഷ്മണിന്റെ കൂടെ കളിക്കാന്‍ സാധിച്ചത് ഭാഗ്യമാണ്. അതില്‍ തനിക്ക് അഭിമാനമുണ്ട്. ടീമിലുള്ള പുതിയ യുവാക്കള്‍ക്ക് ലക്ഷ്മ്ണ്‍ ഒരു പ്രചോദനമാണ്, ഒരുപാട് പുതിയ താരങ്ങള്‍ അദ്ദേഹത്തെ കണ്ട് പഠിക്കണം, പുതിയ തലമുറ അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ദ്രാവിഡ് പറഞ്ഞു.

ബാംഗ്ലൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് ദ്രാവിഡ് വാചാലനായത്. ബാംഗ്ലൂരില്‍ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാത്ത അദ്ദേഹം അവിടെ ഉടന്‍ തന്നെ സമാധാനം ഉണ്ടാകുമെന്ന് പറഞ്ഞു. സമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം നല്ല മനുഷ്യരുണ്ടെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ മൂലം ബാംഗ്ലൂര്‍ ലോകത്തിലെ തന്നെ ഏറ്റവും നല്ല വാസസ്ഥലമായി മാറുമെന്ന് തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക