ആഷസ് തോറ്റാല്‍ പണി പോവുമെന്ന് പോണ്ടിംഗ്

Webdunia
വെള്ളി, 2 ജൂലൈ 2010 (15:11 IST)
PRO
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര നഷ്ടമായതിനു പിന്നാലെ ഒക്ടോബറില്‍ നടക്കുന്ന ആഷസ് പരമ്പര കൂടി നഷ്ടമായാല്‍ തന്‍റെ ക്യാപ്റ്റന്‍ തൊപ്പി തെറിക്കുമെന്ന് ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. പോണ്ടിംഗിന്‍റെ നായകത്വത്തിന് കീഴില്‍ ഓസീസിന് രണ്ട് തവണ ആഷസ് നഷ്ടമായിരുന്നു. ഈ സാഹചര്യത്തിലാണ് അടുത്ത ആഷസ് കൂടി നഷ്ടമായാല്‍ തന്‍റെ തൊപ്പി പോകുമെന്ന് പോണ്ടിംഗ് വ്യക്തമാക്കിയത്.

‘ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ആഷസ് പരമ്പര സ്വന്തമാക്കാനായില്ലെങ്കില്‍ ഞാന്‍ വേറെ പണി നോക്കേണ്ടി വരും. ആഷസിനു പുറമെ ഇന്ത്യന്‍ പരമ്പരയും ഏകദിന ലോകകപ്പും വരാനിരിക്കുന്നതിനാല്‍ എന്‍റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലമാണ് വരാനിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കഴിവിന്‍റെ പരമാവധി പുറത്തെടുത്തേ മതിയാവു’.

ഈ വെല്ലുവിളികളെ വിജയകരമായി നേരിടാ‍നായാല്‍ ടീമിനെ പുതിയ ചക്രവാളത്തിലേക്ക് നയിക്കാന്‍ തനിക്കാവുമെന്നും പോണ്ടിംഗ് പറഞ്ഞു. ആഷസും ലോകകപ്പും നേടി ക്യാപ്റ്റന്‍ പദവി ഒഴിയുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ പോണ്ടിംഗ് തയ്യാറായില്ല.

തനിക്ക് കഴിക്കാന്‍ കഴിയുന്നിടത്തോളം കളി തുടരുമെന്നും പോണ്ടിംഗ് പറഞ്ഞു. ‘വിരമിക്കാന്‍ അനുയോജ്യ സമയം എന്നൊരു സമയമുണ്ടോ എന്ന് എനിക്കറിയില്ല. എന്തായാലും എന്‍റെ മേല്‍ സമ്മര്‍ദ്ദമില്ല’. കളിക്കാരനെന്ന നിലയിലും നായകനെന്ന നിലയിലും ആഷസ് പരമ്പരയില്‍ മികവ് കാട്ടുക എന്നതാണ് തന്‍റെ ലക്‍ഷ്യമെന്നും പോണ്ടിംഗ് പറഞ്ഞു.