ആയാസമില്ലാതെ ഓസീസിന് വിജയം

വെള്ളി, 25 ഫെബ്രുവരി 2011 (17:33 IST)
ലോകകപ്പിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് അനായാസജയം. ന്യൂസിലന്‍ഡിനെതിരെ 207 റണ്‍സ് വിജയലക്‌ഷ്യവുമായി ഇന്നിംഗ്സ് ആരംഭിച്ച ഓസ്ട്രേലിയ 34 ഓവറില്‍ ലക്‌ഷ്യം കണ്ടു.

ഷെയ്ന്‍ വാട്സണ്‍ ആണ് ഓസ്ട്രേലിയയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് എടുത്തത്. 61 പന്തില്‍ നിന്ന് 62 റണ്‍സ് എടുത്ത് വാട്സണ്‍ പുറത്തായി. ബ്രാഡ് ഹാഡിന്‍ 55 റണ്‍സ് എടുത്ത് പുറത്തായി. എന്നാല്‍, ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിന് 28 ബോളില്‍ നിന്ന് 12 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.

തുടര്‍ന്ന് എത്തിയ മൈക്കല്‍ ക്ലാര്‍ക്ക് പുറത്താകാതെ 22 റണ്‍സും കാമറൂണ്‍ വൈറ്റ് പുറത്താകാതെ 32 റണ്‍സും നേടി. ന്യൂസിലന്‍ഡിന് വേണ്ടി ബെന്നറ്റ് രണ്ടു വിക്കറ്റുകള്‍ നേടിയപ്പോള്‍ സോത്തി ഒരു വിക്കറ്റ് വീഴ്ത്തി.

ലോകകപ്പിലെ എട്ടാമത്തെ മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റുചെയ്ത ന്യൂസിലന്‍ഡ് 45.1 ഓവറില്‍ 206 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു.

ആദ്യമത്സരത്തില്‍ ഓസ്ട്രേലിയ സിംബാംബ്‌വേയെയും ന്യൂസിലന്‍ഡ് കെനിയയെയും പരാജയപ്പെടുത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക