അത്ഭുതമൊന്നും പ്രതീക്ഷിക്കേണ്ടെന്ന് യൂസഫ്

ശനി, 16 ജനുവരി 2010 (17:02 IST)
PRO
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍‌വിയിലേക്ക് നീങ്ങുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് വലിയ അത്ഭുതമൊന്നും പ്രതീക്ഷിക്കേണ്ടെന്ന് നായകന്‍ മുഹമംദ് യൂസഫ്. താരതമ്യേന പരിചയസമ്പത്ത് കുറഞ്ഞ തന്‍റെ യുവനിരയില്‍ നിന്ന് ആരാധകര്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണെന്നും ഒരു അഭിമുഖത്തില്‍ യൂസഫ് പറഞ്ഞു.

ഈ ടീമില്‍ നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കുന്നത് തെറ്റാണ്. ഏത് ടീമിനെതിരെയാണ് കളുക്കുന്നതെന്നും എവിടെയാണ് കളിക്കുന്നതെന്നും ആരാധകര്‍ ആദ്യം മനസ്സിലാക്കണം. പാകിസ്ഥാന്‍ ടീമില്‍ ലോക നിലവാരമുള്ള കളിക്കാരൊന്നുമില്ല. മിക്ക ബാറ്റ്‌സ്മാന്‍‌മാരുടെയും ശരാശരി 30ല്‍ താഴെ മാത്രമാണ്. ഈ ടീമിന് ഓസ്ട്രേലിയയെ പോലെ ലോകനിലവാരമുള്ള ടീമിനെതിരെ ജയിക്കാനാവുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നും യൂസഫ് ചോദിച്ചു.

ഇതിനെക്കാള്‍ ശക്തമായ ടീമുമായി എത്തിയപ്പോള്‍ പോലും പാകിസ്ഥാന്‍ 0-3ന് തോറ്റിട്ടുണ്ട്. വഖാര്‍ യൂനിസ്, വസിം അക്രം തുടങ്ങിയ പേരുകളെല്ലാം ആ ടിമിലുണ്ടായിരുന്നു. ഈ ടീമിനെ വെച്ച് കുറഞ്ഞപക്ഷം ഓസ്ട്രേലിയയെ തോല്‍‌പ്പിക്കുന്നതിന് അടുത്തെത്താനെങ്കിലും പാകിസ്ഥാന് കഴിഞ്ഞല്ലോ. അതിന് പാകിസ്ഥാനെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും യൂസഫ് പറഞ്ഞു. സ്വന്തം ടീമില്‍ നായകന്‍ തന്നെ അവിശ്വാസം രേഖപ്പെടുത്തിയത് പാക് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക