പാകിസ്ഥാന്‍ ഫാസ്റ്റ് ബൌളര്‍ ഷൊയബ് അക്തറിനെ അഞ്ചു വര്‍ഷം വിലക്ക് ഏര്‍പ്പെടുത്തിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ നടപടി പിസിബിയുടെ അച്ചടക്ക പാനല്‍ ശരി വച്ചു. അതേസമയം ഐപിഎല്‍ പോലുള്ള ലീഗുകളില്‍ കളിക്കുവാന്‍ അക്തറിന് അനുമതി നല്‍കിയിട്ടുണ്ട്.
അക്തര്‍ മാപ്പു പറഞ്ഞതു വഴി അദ്ദേഹം തെറ്റ് ചെയ്തതായി സമ്മതിച്ചുവെന്ന് പാനല്‍ വിലയിരുത്തിയെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട്, പാകിസ്ഥാന്‍ ദേശീയ ടീമില്‍ കളിക്കുന്നതില്‍ നിന്ന് പിസിബി ഏര്‍പ്പെടുത്തിയ വിലക്ക് പാനല്‍ ശരിവെയ്ക്കുകയായിരുന്നു.
ഐപിഎല്‍ കളിച്ചുക്കൊണ്ടിരിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്‍റെ ഭാഗമായി കളിക്കുവാന്‍ ഇതോടെ അക്തറിന് അവസരം ലഭിച്ചിരിക്കുകയാണ്. അക്തറിനെ സൌരവ് ഗാംഗുലി നയിക്കുന്ന കൊല്‍ക്കത്ത ടീം നേരത്തെ ടീമില്‍ അംഗമാക്കിയിരിക്കുന്നു.
എന്നാല്‍, പിസിബി വിലക്ക് ഏര്‍പ്പെടുത്തിയതു മൂലം അക്തറിനെ ഐപിഎല്ലില്‍ കളിപ്പിക്കില്ലെന്ന് ബിസിസിഐ അറിയിക്കുകയായിരുന്നു. പെരുമാറ്റച്ചട്ട ലംഘന മൂലം ഏപ്രില്‍ മാസത്തിന്‍റെ തുടക്കത്തിലാണ് അക്തറിന് പിസിബി വിലക്ക് ഏര്‍പ്പെടുത്തിയത്.