അക്തര്‍ കൌണ്ടിയില്‍

Webdunia
പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നേതൃത്വത്തിന് എതിരെ പരാമര്‍ശങ്ങള്‍ നടത്തി വിവാദങ്ങള്‍ സൃഷ്ടിച്ച് ശേഷം ലണ്ടനില്‍ പറന്നിറങ്ങിയ പാകിസ്ഥാന്‍ ഫാസ്റ്റ് ബൌളര്‍ ഷൊഐബ് അക്തറിന് കൌണ്ടി ക്രിക്കറ്റില്‍ മികച്ച തുടക്കം. കൌണ്ടീ ടീമായ സറേയ്ക്ക് വേണ്ടിയുള്ള തന്‍റെ അരങ്ങേറ്റ മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ അക്തര്‍ വിക്കറ്റ് വീഴ്ത്തുകയായിരുന്നു.

ഹാമ്പഷയറിന് എതിരായ മത്സരത്തില്‍ മൈക്കല്‍ കാര്‍ബെറിയുടെ വിക്കറ്റാണ് അക്തര്‍ നേടിയത്. അക്തറിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പറിന് ക്യാച്ച് നല്‍കി കാര്‍‌ബെറി മടങ്ങുകയായിരുന്നു. മഴ വില്ലന്നായ മത്സരത്തില്‍ ആകെ 39 ഓവറുകള്‍ മാത്രമാണ് ആദ്യ ദിവസം കളി നടന്നത്. ഇതില്‍ എട്ട് ഓവറുകള്‍ എറിഞ്ഞ അക്തര്‍ 23 റണ്‍സ് വിട്ട് കൊടുത്താണ് ഒരു വിക്കറ്റ് വീഴ്ത്തിയത്.

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ മടങ്ങിയെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അക്തര്‍ കൌണ്ടിയില്‍ എത്തിയിരിക്കുന്നത്. പിസിബി അക്തറിന് ഏര്‍പ്പെടുത്തിയ വിലക്ക് കോടതി റദ്ദാക്കിയേങ്കിലും എഴുപത് ലക്ഷം രൂപയുടെ പിഴ ശിക്ഷ നിലനില്‍ക്കുകയാണ്. പിഴയോടുക്കിയാല്‍ മാത്രമെ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തുകയുള്ളു എന്നും ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെതിരെയും അക്തര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.

ഇതിനിടയിലാണ് ബോര്‍ഡ് നേതൃത്വത്തിലുള്ള ചിലര്‍ വ്യക്തിപരമായ താല്‍പര്യങ്ങളുടെ പേരില്‍ തന്നെയും പാകിസ്ഥാന്‍ ക്രിക്കറ്റിനെയും അതിലൂടെ രാജ്യത്തെയും മുറിവേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന പ്രസ്താവന നടത്തി അക്തര്‍ പുതിയ വിവാദത്തിന് തുടക്കമിട്ടത്.