സച്ചിനെ കുരുക്കാന്‍ ബുക്കാനന്‍റെ പാഠം

Webdunia
PTIPTI
മികച്ച താരങ്ങള്‍ എപ്പോഴും പ്രതിഭ കൊണ്ട് സമൃദ്ധരായിരിക്കും. ഇന്ത്യന്‍ ക്രിക്കറ്റിലെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ കാര്യവും വിഭിന്നമല്ല. ഓസ്ട്രേലിയന്‍ ബൌളര്‍മാര്‍ക്ക് സമ്മര്‍ദ്ദവും ഉറക്കക്കുറവും നല്‍കുന്ന മികച്ചബാറ്റ്‌സ്‌മാനായ സച്ചിനെതിരെ ഇന്ത്യയിലായാലും ഓസ്ട്രേലിയയിലായാലും കംഗാരുക്കള്‍ പ്രത്യേക തന്ത്രം മെനയും.

ഓസീസ് ബൌളര്‍മാര്‍ സച്ചിനില്‍ നിന്നും സ്ഥിരമായി തല്ലു കൊണ്ട് മടുത്ത സമയത്തായിരുന്നു ജോന്‍ ബുക്കാനന്‍ ടീമിന്‍റെ പരിശീലകനായി സ്ഥാനമേറ്റത്. ബുദ്ധിമാനായ ബുക്കാനന്‍ സച്ചിനെ ഒതുക്കാനുള്ള തന്ത്രങ്ങളായിരുന്നു ആദ്യം പരീക്ഷിച്ചത്. സച്ചിന്‍റെ ബാറ്റിംഗ് വീഡിയോകള്‍ തച്ചിനിരുന്നു പഠിച്ച് അദ്ദേഹത്തിന്‍റെ ദൌര്‍ബല്യം കണ്ടെത്താന്‍ ഈ ചാണക്യനായി.

ഓസ്ട്രേലിയയ്‌ക്കെതിരെ അവരുടെ മണ്ണില്‍ നടക്കാന്‍ പോകുന്ന പരമ്പരയില്‍ സച്ചിനെ ഒതുക്കാന്‍ തന്ത്രം തേടിയെത്തിയ റിക്കി പോണ്ടിംഗിനും സംഘത്തിനും വിശദമായ പാഠങ്ങള്‍ പകര്‍ന്നു നല്‍കുകയാണ് ബുക്കാനന്‍. ഇതിനായി സച്ചിന്‍റെ ദൌര്‍ബല്യങ്ങളെ കുറിച്ചുള്ള വിവരങ്ങളും വീഡിയോകളും ബുക്കാനന്‍ റിക്കിക്കു നല്‍കുന്നു.

ഷോര്‍ട്ട് ബോളുകളാണ് സച്ചിന്‍റെ ദൌര്‍ബല്യമായി ബുക്കാനന്‍ പറയുന്നത്. ഇന്നിംഗ്‌സിന്‍റെ തുടക്കത്തില്‍ ഷോര്‍ട്ട് ബോളുകള്‍ എറിഞ്ഞ് സച്ചിനെ ഒതുക്കാമെന്ന് ബുക്കാനന്‍ പറയുന്നു. ഇന്നിംഗ്‌സിന്‍റെ തുടക്കത്തില്‍ സച്ചിന്‍റെ ഫുട്‌വര്‍ക്കുകള്‍ അത്രമെച്ചമാകുന്നില്ല ഈ സമയത്ത് ഫലപ്രദമായ ഷോര്‍ട്ട് ബോളുകള്‍ നന്നായിരിക്കുമെന്ന് ബുക്കാനന്‍ പറയുന്നു.

എന്നാല്‍ അകത്തേക്ക് പിന്‍വലിഞ്ഞാണു കളിക്കുന്നതെങ്കില്‍ ഫുള്‍ ബോളുകളും ഉപയോഗിക്കാം. ഇത്തരം പന്തുകള്‍ നന്നായി നിയന്ത്രിക്കാനാകാത്ത സച്ചിനെ സ്ലിപ്പില്‍ പിടി കൂടാമെന്നും ബുക്കാനന്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ സീസണില്‍ ഇന്ത്യയ്‌ക്കെതിരെ പ്രയോഗിച്ച തന്ത്രങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ബുക്കാനന്‍റെ വിശദീകരണം.

സച്ചിന്‍ ഇടം കയ്യന്‍‌മാരായ പേസര്‍മാര്‍ക്കെതിരെയും അത്ര മികച്ചതല്ലെന്നു ബുക്കാനന്‍ പറയുന്നു. വെസ്റ്റിന്‍ഡീസിന്‍റെ പെഡ്രോ കോളിന്‍സ്, ഓസീസിന്‍റെ മിച്ചല്‍ ജോണ്‍സണ്‍ എന്നിവര്‍ സച്ചിനെതിരെ മികച്ചവരായിരിക്കുമെന്നാണ് ബുക്കാനന്‍റെ കണ്ടെത്തല്‍. ഇടം കൈ വലം കൈ കോംബിനേഷന്‍ സച്ചിനില്‍ സമ്മര്‍ദ്ദം ഉണ്ടാക്കാമെന്നും ബുക്കാനന് അഭിപ്രായമുണ്ട്.

സച്ചിന്‍ മഹാനായ കളിക്കാരന്‍ തന്നെയാണ് എന്നാല്‍ എല്ലാ മഹാന്‍‌മാരെ പോലെ തന്നെ എല്ലായ്‌പ്പോഴും മഹത്തരമായ പ്രകടനം സാധ്യമാകാതെ വരുമെന്നും ബുക്കാനന്‍ പറയുന്നു. അതേ സമയം തന്നെ ഓസ്ട്രേലിയയ്‌ക്കെതിരെ സച്ചിന്‍റെ ശരാശരി സ്ഥിരതയാര്‍ന്നതാണെന്നതാണ് പ്രത്യേകത. ഒരു പക്ഷേ ഓസ്ട്രേലിയയില്‍ അവസാനമായി കളിച്ചേക്കാവുന്ന സച്ചിന് ഗംഭീര വരവേല്‍പ്പ് നല്‍കാന്‍ കാത്തിരിക്കുകയാണ് ഓസ്ട്രേലിയന്‍ കാണികള്‍.