സിഡ്‌നി: ലോകകപ്പില്‍ കംഗരു വിജയം ആഘോഷിക്കുന്നുണ്ടെങ്കിലും ലോകകപ്പ് സംഘാടനത്തിലെ പാളിച്ചകള്‍ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളെ ചൊടിപ്പിച്ചു കളഞ്ഞു. വിന്‍ഡീസ് ലോകകപ്പ് സംഘാടകര്‍ക്കെതിരെ എഡിറ്റോറിയല്‍ എഴുതി പരിഹാസിക്കുകയാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍.
സംഘാടകത്തിന്‍റെ കാര്യത്തില്‍ ഏറ്റവും മോശമായതും ദൈര്‍ഘ്യത്തിന്‍റെ കാര്യത്തില്‍ ഏറ്റവും നീണ്ടതുമായി 2007 ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തില്‍ അറിയപ്പെടുമെന്നാണ് ദി ഓസ്‌ട്രേലിയന്‍ പത്രം മുഖക്കുറിപ്പില്‍ പറയുന്നത്. പാകിസ്ഥാന്‍ പരിശീലകന്‍ ബോബ് വുമറിന്‍റെ കൊലപാതകത്തിന്‍റെ നിഴലിലായിരുന്നു ലോകകപ്പെന്നും അവര്‍ അഭിപ്രായപ്പെട്ടു.
അയര്‍ലണ്ടു പോലുള്ള രാജ്യങ്ങള്‍ വമ്പന്‍ ടീമുകളെ അട്ടി മറിച്ചത് എടുത്തു പറയുന്ന പത്രം ഒത്തു കളി വിവാദം വീണ്ടും ക്രിക്കറ്റില്‍നെ മലിനപ്പെടുത്താന്‍ എത്തുന്നു എന്ന കാര്യവും ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. ലോകകപ്പ് തികച്ചും ഏക പക്ഷീയമായിരുന്നു. ഒരു മല്‍സരം പോലും പരാജയപ്പെടാതെ ഓസ്‌ട്രേലിയ കിരീടം നേടിയതിനെ ഊന്നി പത്രം പറയുന്നു.
ലോകകപ്പ് വിജയം ഓസ്‌ട്രേലിയയും മറ്റു ടീമുകളും തമ്മില്‍ പകല്‍ രാത്രി വ്യത്യാസമാണ് കാണിക്കുന്നതെന്ന ബുക്കാനന്‍റെ പരാമര്‍ശവും പത്രം കൂട്ടിച്ചേര്‍ത്തു. ഷോണ്‍ ടൈറ്റ്, മക്ഗ്രാത്ത്, നതന്‍ ബ്രാക്കന്‍ എന്നിവര്‍ ഒരു കളി പോലും ബാറ്റു ചെയ്യേണ്ടി വന്നില്ല. ഓസ്‌ട്രേലിയന്‍ ബാറ്റിംഗിന്‍റെ കരുത്തിനെ പത്രം അഭിനന്ദിക്കുന്നു.
'അന്ധന്മാര്‍ അന്ധന്മാരെ നയിച്ചു' എന്ന തലക്കെട്ടോടെയാണ് സിഡ്‌നി മോര്‍ണിംഗ് വിന്‍ഡീസ് ലോകകപ്പ് ആതിഥേയത്വത്തെ പരിഹസിക്കുന്നത്. ബോബ് വുമറിന്‍റെ കൊലപാതകം ഇക്കര്യത്തില്‍ അവര്‍ എടുത്തു പറഞ്ഞിരിക്കുന്നു. ഓസ്‌ട്രേലിയയുടെ ലോകകപ്പ് വിജയം കുറച്ചു കാണാനാകില്ലെന്നാണ് ദി ഓസ്‌ട്രേലിയന്‍ പത്രത്തിന്‍റെ എഡിറ്റോറിയല്‍.
ഡെയിലി ടെലിഗ്രാഫിന്‍റെ അഭിപ്രായം മറ്റൊന്നായിരുന്നു. ഫൈനലിലെ നാടകീയ രംഗങ്ങളെ പരിഹസിക്കാനാണ് അവര്‍ തയ്യാറായത്. കളി അവസാനിക്കാന്‍ പത്തു മിനിറ്റുള്ളപ്പോള്‍ മൂന്ന് ഓവര്‍ ബാക്കി കിടക്കേ ഓസ്‌ട്രേലിയ വിജയിച്ചെന്നു കരുതി ആഹ്ലാദിച്ചതും അതിനു ശേഷം കളി പുനരാരംഭിച്ചതും അന്താരാഷ്ട്ര തമാശയിലേക്കു ചേര്‍ക്കാവുന്ന രംഗങ്ങളായിട്ടാണ് ടെലിഗ്രാഫിന്‍റെ കണ്ടെത്തല്‍.