ബറോഡ എക്സപ്രസ് ഇര്‍ഫാന്‍ പത്താന്‍റെ മാതാപിതാക്കള്‍ അദ്ദേഹത്തെ മതപണ്ഡിതനാക്കാനാണ് ലക്‍ഷ്യമിട്ടിരുന്നത്. എന്നാല്‍, അദ്ദേഹം ബോളെടുത്ത് വഡോഡദരയിലെ ഇടുങ്ങിയ തെരുവിലേക്ക് ക്രിക്കറ്റ് കളിക്കാന്‍ ഓടുവാനാണ് ഇഷ്‌ടപ്പെട്ടിരുന്നത്. മാതാപിതാക്കള്‍ക്ക് ആദ്യം നിരാശ തോന്നിയെങ്കിലും പത്താന്‍റെ കളിമിടുക്ക് അവരെ സന്തോഷിപ്പിച്ചു.
കാലചക്രം മാറി മറിഞ്ഞപ്പോള്‍ നാണം കുണുങ്ങിയായ ഈ പയ്യന്‍ നീലപ്പടയുടെ അവിഭാജ്യ ഘടകമായി. പെര്‍ത്തില്‍ കംഗാരുക്കളുടെ ധാര്‍ഷ്ട്യം തകര്‍ത്ത് 72 റണ്‍സിന്‍റെ വിജയം നേടിയപ്പോള്‍ ആ വിജയത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചത് ഇര്‍ഫാന്‍ പത്താനാണ്.
ബാറ്റ് കൊണ്ടും ബോളു കൊണ്ടും ഇര്‍ഫാന്‍ പ്രകടിപ്പിച്ച മികവാണ് മധുരിക്കുന്ന വിജയം ഇന്ത്യക്ക് കൊണ്ടു വന്നത്. മൂന്നാം ടെസ്റ്റില്‍ ഇര്‍ഫാന്‍ പത്താന്‍ രണ്ട് ഇന്നിംഗ്സിലുമായി അഞ്ച് വിക്കറ്റുകള്‍ നേടിയതതിനു പുറമെ രണ്ടാം ഇന്നിംഗ്സില്‍ ലക്ഷ്‌മണന് പിന്തുണയേകി 46 റണ്‍സെടുത്തു.
2003 മുതല്‍ ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാണ് പത്താന്‍. കപില്‍ ദേവിന് പകരക്കാരനായ ഓള്‍ റൌണ്ടറായി പത്താനെ കാണുന്നവരും ചുരുക്കമല്ല. ഇടവേളക്കു ശേഷം 2007 സെപ്റ്റംബര്‍ 14 ന് പത്താന്‍ ടീമില്‍ തിരിച്ചെത്തി ട്വൊന്‍റി-20 ക്രിക്കറ്റിന്‍റെ ഫൈനലില്‍ പാകിസ്ഥാനെതിരെ 16 റണ്‍സ് വിട്ടു കൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ പത്താന്‍റെ പ്രകടനമാണ് ഇന്ത്യക്ക് കപ്പ് നേടി കൊടുത്തത്.
ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് എതിരെ 2003 ലാണ് പത്താന്‍ അരങ്ങേറിയത്. ഏകദിനത്തില്‍ 2004 ജൂണ്‍ ഒന്‍പതിന് ഓസ്‌ട്രേലിയക്ക് എതിരെ തന്നെയായിരുന്നു അരങ്ങേറ്റം.
ഇതു വരെ 27 ടെസ്റ്റുകളില്‍ നിന്നായി അദ്ദേഹം 100 വിക്കറ്റ് നേടി. 31.22 ആണ് ശരാശരി. 85 ഏകദിന മത്സരങ്ങളില്‍ നിന്നായി അദ്ദേഹം 127 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 27.81 ആണ് ശരാശരി. 27 ടെസ്റ്റുകളില്‍ നിന്നായി 1032 റണ്‍സും 85 ഏകദിന മത്സരങ്ങളില്‍ നിന്നായി 1137 റണ്‍സും നേടിയിട്ടുണ്ട്.