ചെകുത്താന്‍മാരില്‍ ദേവ സങ്കല്‍പം ഉണ്ടാകുമോ എന്നറിയില്ല. വേഗത്തില്‍ റണ്‍സ് നേടുന്നത് കലയാക്കി മാറ്റിയ ഇന്ത്യന്‍ കളിക്കാരിലെ ദേവനാണ് വീരേന്ദ്ര സെവാഗ്. ബി സി സി ഐയുടെ പ്രഥമ ക്രിക്കറ്റ് ലീഗായ ഐ പി എല്ലില്‍ സെവാഗ് നയിക്കുന്നതാകട്ടെ ഡല്‍ഹിയില്‍ നിന്നുള്ള ചെകുത്താന്‍മാരെയും. ഒരു പറ്റം യുവാക്കളുമായിട്ടാണ് സെവാഗ് വരുന്നത്.
ബൌളര്‍മാര്‍ക്ക് പ്രാമുഖ്യമുള്ള ടീമില്‍ സെവാഗിനെയും ഗൌതം ഗംഭീറിനെയും ഡിവിലിയേഴ്‌സിനെയും പോലുള്ള തകര്‍പ്പനടിക്കാര്‍ മിന്നിത്തിളങ്ങിയാല്‍ ഇന്ത്യന്‍ പ്രീമിയര്‍ലീഗ് ചെകുത്താന്‍മാരുടെ കൂത്താട്ടമായി മാറും. ജി എം ആറിന്‍റെ ഉടമസ്ഥതിയില്‍ വരുന്ന ടീം ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചു തെളിഞ്ഞ ഒരു പറ്റം മിടുക്കന്‍മാരുടേതാണ്.
അവരുടെ ഏറ്റവും വിലമതിക്കുന്ന താരങ്ങള്‍ ഓസ്ട്രേലിയന്‍ മാച്ച് വിന്നറായ ബൌളര്‍ ഗ്ലെന്‍ മക്‍ഗ്രാത്ത്, ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍ ഡിവിലിയെഴ്‌സ്, കിവീസ് നായകന്‍ ദാനിയേല്‍ വെറ്റോറി, പാക് നായകന്‍ ഷൊയബ് മാലിക്, മൊഹമ്മദ് ആസിഫ് ശ്രീലങ്കന്‍ ഓള്‍ റൌണ്ടര്‍ തിലകരത്‌നെ ദില്‍ഷന്‍ എന്നിവരാണ്.
ഇവരില്‍ ബാറ്റിംഗില്‍ അല്പം പിന്നോട്ട് മക്‍ഗ്രാത്ത് മാത്രമെയുള്ളൂ. പ്രഖ്യാപിത ബൌളര്‍മാരെങ്കിലും അത്യാവശ്യ ഘട്ടങ്ങളില്‍ തിളങ്ങാനുള്ള ഊര്‍ജ്ജം ശ്രീലങ്കന്‍ ബൌളര്‍ മഹറൂഫിന്‍റെയും സ്പിന്നര്‍ വെറ്റോറിയുടെയും പേസര്‍ മൊഹമ്മദ് ആസിഫിന്‍റെയും, ബാറ്റിലുണ്ട്. അവര്‍ അത് വാലറ്റത്ത് വല്ലപ്പോഴും പുറത്തെടുത്താല്‍ ചെകുത്താന്‍മാര്‍ രാജാവാകും.
ട്വന്‍റി ലോകകപ്പ് നേടിയ നിരയില്‍ നിന്നും ഗൌതം ഗംഭീര്‍, ദിനേശ്കാര്‍ത്തിക് എന്നിവരും സെവാഗിനൊപ്പമുണ്ട്. ആഭ്യന്തര തലത്തില്‍ 2004 ലെ അണ്ടര്‍19 ലോകകപ്പിലെ മികച്ച താരം ശിക്കാര്‍ ധവാന്‍, ബംഗാള്‍താരം മനോജ്തിവാരി ഡല്‍ഹിയുടെ രഞ്ജി താരം രജത് ഭാട്ടിയ എന്നിവര്‍ മികച്ച ബാറ്റ്‌സ്മാന്‍മാരാണ്. ബൌളിംഗ് നിര കൂടുതല്‍ സമ്പന്നമാണ്.
പഴയ പടക്കുതിര ഗ്ലെന്‍ മക്‍ഗ്രാത്തിന്‍റെ തിളക്കം കുറഞ്ഞിരിക്കുമോ എന്ന് മാത്രമാണ് പേടി. സ്വിംഗ് ബൌളിംഗ് കലയാക്കിയ ആസിഫ്, ഒറ്റയ്‌ക്ക് കളി ജയിപ്പിക്കുന്ന മഹറൂഫ് ലങ്കന്‍ പേസര്‍ വെറ്റോറി, ദില്‍ഷന്‍ എന്നിവര്‍ മികച്ച സ്പിന്നര്‍മാരാണ്. ഇനി ഇന്ത്യയില്‍ നിന്നും ധവാന്‍റെ മികച്ച സ്പിന്നും അണ്ടര്‍ 19 ലോകകപ്പിലെ മികച്ച താരം ഡല്‍ഹിയുടെ പ്രദീപ് സംഗ്‌വാന്‍ എന്നിവരും ബൌളിംഗില്‍ ഡല്‍ഹിയുടെ പ്രതീക്ഷകളാണ്.
ചുവപ്പും കറുപ്പും നിറത്തില്‍ പ്രത്യക്ഷപ്പെടുന്ന ടീമിനു ഫിറോസ് ഷാ കോട്‌ലാ സ്റ്റേഡിയത്തില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് നല്‍കുന്നത് ഗ്രെഗ് ഷെപ്പേഡാണ്. സ്വന്തം മണ്ണില്‍ ഏപ്രില്‍ 19 ന് രാജസ്ഥാന്‍ റോയല്‍സിനെ ചെകുത്താന്‍മാര്‍ നേരിടും.