കുംബ്ലെയുടെ അക്കൌണ്ടില്‍ 600 വിക്കറ്റ്!

Webdunia
വ്യാഴം, 17 ജനുവരി 2008 (16:21 IST)
WDFILE
പെര്‍ത്ത് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയന്‍ താരം ആന്‍‌ഡ്രുസൈമണ്ടസിനെ ദ്രാവിഡിന്‍റെ കൈകളില്‍ എത്തിച്ച് ഇന്ത്യന്‍ നായകന്‍ അനില്‍ കുംബ്ലെ സുപ്രധാനമായ നാഴികക്കല്ല് ടെസ്റ്റ് ക്രിക്കറ്റില്‍ പിന്നിട്ടു. ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റ് നേട്ടം നേടുന്ന ലോകത്തിലെ മൂന്നാമത്തെ മാത്രം ബൌളര്‍.

ഇന്ത്യന്‍ താരങ്ങളോട് പലപ്പോഴും പ്രകോപനപരമായ രീ‍തിയില്‍ പെരുമാറുള്ള സൈമണ്ടസിനെ വീഴ്‌ത്തിക്കൊണ്ടാണ് കുംബ്ലെ 600 വിക്കറ്റ് നേട്ടം കൈവരിച്ചുവെന്നത് ഈ നേട്ടത്തിന് ഇരട്ടി മധുരമേകുന്നു.

മത്സരത്തിലെ തന്‍റെ ആദ്യ ഓവറില്‍ പത്തു റണ്‍സ് വിട്ടു കൊടുത്ത ശേഷം പിന്നീടുള്ള ഓവറുകളില്‍ ശക്തമായി തിരിച്ചു വരികയായിരുന്നു കുംബ്ലെ. ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ന്നു പോയ ഓസ്ട്രേലിയയെ ഗില്‍ക്രിസ്റ്റുമായി ചേര്‍ന്ന് പിടിച്ചു നിര്‍ത്തിയ സൈമണ്ടസിന് മുന്നിലേക്ക് തീരെ പ്രതീക്ഷിക്കാതെയാണ് കുംബ്ലെയുടെ വെട്ടിതിരിഞ്ഞ ലെഗ് ബ്രേക്ക് വന്നത്. ഇതില്‍ അമ്പരന്നു പോയ സൈമണ്ടസ് അറിയാതെ ബാറ്റ് കൊണ്ട് ആ പന്തില്‍ തൊട്ടു.

ബാറ്റില്‍ കൊണ്ട പന്ത് കീപ്പര്‍ ധോനിയുടെ കൈയിലെത്തിയെങ്കിലും താഴേക്ക് വഴുതി. എന്നാല്‍ പന്ത് താഴേ വീഴുന്നതിന് മുന്‍പ് തന്നെ ഒന്നാം സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന രാഹുല്‍ ദ്രാവിഡ് അത് കൈകളില്‍ സുരക്ഷിതമാക്കി.

കുംബ്ലെയും ഫീല്‍ഡര്‍മാരും ശക്തമായി അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍ ബില്ലി ബൌഡന്‍ ഔട്ട് വിധിക്കാന്‍ ആദ്യം മടിച്ചു. എന്നാല്‍ അല്‍പ്പ നിമിഷത്തെ ആലോചനയ്ക്ക് ശേഷം ബില്ലി ബൌഡന്‍ തന്‍റെ ചൂണ്ടു വിരല്‍ പതുക്കെ ഉയര്‍ത്തിയപ്പോള്‍ അതോടൊപ്പം ചരിത്രവും പിറക്കുകയായിരുന്നു.

ഓടിയടുക്കുന്ന ടീമംഗങ്ങള്‍ക്ക് മധ്യത്തില്‍ നിന്ന് ആകാശത്തേക്ക് മുഷ്ടി ചുരുട്ടി വീശിയ കുംബ്ലെ തന്‍റെ സന്തോഷം അല്പം പോലും മറച്ചു വെച്ചതുമില്ല.പിന്നീട് ഷോണ്‍ ടെയ്റ്റിനേയും കുംബ്ലെ മടക്കി അയച്ചു. നൂറ്റി ഇരുപത്തി നാല് മത്സരങ്ങളിലാണ് കുംബ്ലെ 600 വിക്കറ്റെന്ന ചരിത്ര നേട്ടത്തിലെത്തിയത്.