കളി ബി‌സിസിഐയോട് വേണ്ട!

Webdunia
വ്യാഴം, 10 ജനുവരി 2008 (16:46 IST)
UNIFILE
പണത്തിനു മീതെ പരുന്ത് പറക്കില്ലെന്ന് ഒരു ചൊല്ലുണ്ട്. ഇപ്പോള്‍ മറ്റൊരു കാര്യം കൂടി വ്യക്തമായിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡായ ബിസിസിഐയുടെ തീരുമാനങ്ങള്‍ക്ക് മീതെ ഐസിസി പോലും പറക്കില്ലെന്ന്.

അതിനൊരു കാരണവുമുണ്ട്. ഐസിസിക്ക് ലഭിക്കുന്ന വരുമാനത്തിന്‍റെ 70 ശതമാനവും സംഭാവന ചെയ്യുന്നത് ബിസിസിഐയാണ്. അതുകൊണ്ട് ഒന്നു മാത്രമാണ് പെര്‍ത്ത് ടെസ്റ്റില്‍ ബക്‍നറെ വിലക്കുവാനും ഈ ടെസ്റ്റില്‍ ഹര്‍ഭജനെ കളിപ്പിക്കുവാനും ബിസിസിഐക്ക് കഴിഞ്ഞത്.

ക്രിക്കറ്റ് ഉദയം ചെയ്തത് ഇംഗ്ലണ്ടിലാണെങ്കിലും അതിന്‍റെ ആത്മാവ് കുടിയിരിക്കുന്നത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാണ്. പക്ഷെ മറ്റ് പല മേഖലകളിലും പ്രകടിപ്പിക്കുന്ന വംശ വെറി വെള്ളക്കാരന്‍ ക്രിക്കറ്റിലും കാണിക്കുന്നു. എന്നാല്‍, ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്ന ശക്തിയായി ഇപ്പോള്‍ ബിസിസിഐ മാറിയിരിക്കുന്നു. ശ്രീലങ്ക, പാകിസ്ഥാന്‍ തുടങ്ങിയ രാഷ്‌ട്രങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി പലപ്പോഴും ബിസിസിഐ സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഏഷ്യന്‍ രാജ്യങ്ങള്‍ ബിസിസിഐയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചതു കൊണ്ടു മാത്രമാണ് 2011 ലെ ലോകക്കപ്പ് ക്രിക്കറ്റ് നടത്തുവാന്‍ ഏഷ്യക്ക് അവസരം ലഭിച്ചത്. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ വച്ചാണ് 2011 ലെ ലോകക്കപ്പ് നടക്കുക.

സംയുക്ത വേദിക്കായി ഓസ്‌ട്രേലിയയും ന്യൂസിലാന്‍റും വളരെയധികം ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഏഷ്യന്‍ സഖ്യം വോട്ടെടുപ്പില്‍ ഓസ്‌ട്രേലിയ ന്യൂസിലാന്‍റ് സഖ്യത്തെ തോല്‍പ്പിക്കുകയായിരുന്നു. അതോടെ മൂന്നാം തവണ ലോകക്കപ്പ് ക്രിക്കറ്റ് വേദിയാകുവാന്‍ ഏഷ്യക്ക് അവസരം ലഭിച്ചു.

ബിസിസിഐ നടത്തുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലോക ക്രിക്കറ്റിന് പുതിയ ഊര്‍ജം നല്‍കുമെന്ന് ഉറപ്പാണ്. 2008 ല്‍ ആരംഭിക്കുന്ന എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ഈ ട്വൊന്‍റി-20 ക്രിക്കറ്റ് മത്സരത്തിന്‍റെ സമ്മാനത്തുക 13 കോടിയാണ്. എട്ട് ടീ‍മുകള്‍ ഈ ലീഗില്‍ കളിക്കും. ബിസിസിഐ അങ്ങനെ കുതിക്കുകയാണ്. ഐസിസിയെ നോക്കുക്കുത്തിയാക്കിക്കൊണ്ട്.