ഇതിഹാസ ഡോണിന് ജന്‍മശതാബ്ദി

Webdunia
സമ്പൂര്‍ണ്ണമായ ബാറ്റിങ്ങ് പ്രതിഭയുടെ പര്യായമയി വാഴ്ത്തപ്പെടുന്ന ക്രിക്കറ്റ് ഇതിഹാസം സര്‍ ഡോണ്‍ ബ്രാഡ്മാന് ഓഗസ്റ്റ് 27ന് ജന്‍മശതാബ്ദി. നൂറ് വര്‍ഷം മുന്‍പ് ഓസ്ട്രേലിയയിലെ ന്യൂ സൌത്ത് വെയില്‍സില്‍ ജോര്‍ജ്-എമിലി ദമ്പതികളുടെ മകനായി പിറന്ന ഡൊണാള്‍‌ഡ് ക്രിക്കറ്റ് ലോകത്തിലെ ഇതിഹാസമായി മാറിയത് രാജപ്രൌഡി തെളിഞ്ഞ് കണ്ട ബാറ്റിങ്ങ് ശൈലിയിലൂടെയാണ്.

സാങ്കേതികത്തികവ് കൊണ്ടും പിഴവുകളില്ലാത്ത ആക്രമണോത്സുകത കൊണ്ടുമാണ് ഡോണിന്‍റെ ബാറ്റിങ്ങ് പ്രകടനങ്ങള്‍ പിന്‍തലമുറയ്ക്ക് മാര്‍ഗദീപമായത്. ബ്രിസ്ബേയ്നില്‍ 1928-29ല്‍ നടന്ന ആഷസ് പരമ്പരയിലൂടെയാണ് ഡോണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് 1949ല്‍ ക്രിക്കറ്റിനോട് വിട പറയുന്നതിന് മുന്‍പ് അന്ന് ക്രിക്കറ്റ് മൈതാനത്ത് നിന്ന് നേടാവുന്നതിന്‍റെ പരമാവധി റിക്കോഡുകളും ഡോണ്‍ സ്വന്തമാക്കിയിരുന്നു.

കരിയറില്‍ ആകെ 52 ടെസ്റ്റുകള്‍ കളിച്ച ബ്രാഡ്മാന്‍ 80 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 6996 റണ്‍സാണ് നേടിയത്. അവസാന ഇന്നിങ്ങ്‌സില്‍ നാല് റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ ഡോണിന്‍റെ ബാറ്റിങ്ങ് ആവറേജ് 100 ആയി ഉയരുമായിരുന്നു. എന്നാല്‍ ഈ ഇന്നിങ്ങ്‌സില്‍ ആദ്യ പന്തില്‍ തന്നെ ക്ലീന്‍ ബൌള്‍ഡായി പവലിയനിലേക്ക് മടങ്ങിയ ബ്രാഡ്മാന്‍ ക്രിക്കറ്റിലെ അനിശ്ചിതത്വങ്ങളുടെ എക്കാലത്തെയും ഏറ്റവും വലിയ ഉദാഹരണവുമായി മാറുകയായിരുന്നു.

ടെസ്റ്റ് കരിയറില്‍ 20 സെഞ്ച്വറികളും 13 അര്‍ദ്ധ സെഞ്ച്വറികളും നേടിയ ബ്രാഡ്മാന്‍ രണ്ട് ട്രിപ്പിള്‍ സെഞ്ച്വറികളും 12 ഡബിള്‍ സെന്‍ച്വറികളും അദ്ദേഹം നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലാകട്ടെ 338 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 117 സെന്‍‌ച്വറികളും 69 അര്‍ദ്ധസെഞ്ച്വറികളും ഡോണ്‍ കണ്ടെത്തി. ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലെ അദ്ദേഹത്തിന്‍റെ ആകെ സമ്പാദ്യം 28,097 റണ്‍സാണ്.

ക്രിക്കറ്റ് ലോകത്തെ എക്കാലത്തെയും വലിയ ഇതിഹാസതാരമായ ഡോണ്‍ ബ്രാഡ്മാന്‍ 2001 ഫെബ്രുവരി 25ന് 92 വയസിലാണ് അന്തരിച്ചത്.