തൃശൂര്‍ സിറ്റി പോലീസിന്റെ കരുതലില്‍ പരിപാടിയായ 'മാസ്സാണ് തൃശൂര്‍ മാസ്‌കാണ് നമ്മുടെ ജീവന്‍' ക്യാമ്പയിന്‍ തുടക്കമായി. ഓണക്കാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായാണ് വിപുലമായ ക്രമീകരണങ്ങളോടെ സിറ്റി പോലീസ് ക്യാമ്പയിന്‍ ആരംഭിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഓഗ്മെന്റഡ് റിയാലിറ്റി സംവിധാനം ഉപയോഗപ്പെടുത്തി 'മാസ്സാണ് തൃശൂര്‍ മാസ്‌കാണ് നമ്മുടെ ജീവന്‍' എന്ന ക്യാമ്പയിന്‍ തൃശൂര്‍ സിറ്റി പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ ആഗസ്റ്റ് 24-ന് തത്സമയ സംപ്രേഷണം തുടങ്ങി.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഓണാഘോഷം വീടുകളിലേക്ക് ചുരുക്കേണ്ടതുണ്ടെന്നും ജനങ്ങള്‍ ഓരോരുത്തരും സ്വയം പാലിക്കുന്ന നിയന്ത്രണത്താല്‍ മാത്രമേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുകയുള്ളൂ എന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ തത്സസമയ സംപ്രേഷണത്തില്‍ പറഞ്ഞു. പോലീസ് സംവിധാനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കുന്ന ഒന്നല്ലെന്നും ജീവന്റെ സുരക്ഷയ്ക്കാണെന്നും കൃഷി വകുപ്പി മന്ത്രി അഡ്വ. വി എസ് സുനില്‍കുമാറും പറഞ്ഞു.