സംസ്ഥാനത്ത് വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 93.16 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് നല്‍കി; രണ്ടാമത്തെ ഡോസ് സ്വീകരിച്ചത് 43.14 ശതമാനം പേര്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 8 ഒക്‌ടോബര്‍ 2021 (06:53 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 93.16 ശതമാനം പേര്‍ക്ക് (2,48,81,688) ആദ്യ ഡോസും 43.14 ശതമാനം പേര്‍ക്ക് (1,15,23,278) രണ്ടാം ഡോസും നല്‍കിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 3,64,04,946 ഡോസ് വാക്സിനാണ് ഇതുവരെ നല്‍കിയത്. കോവിഡ് ബാധിച്ചവരായ 10 ലക്ഷത്തോളം പേര്‍ക്ക് 3 മാസം കഴിഞ്ഞ് വാക്സിന്‍ എടുത്താല്‍ മതി. അതിനാല്‍ ഇനി എട്ട് ലക്ഷത്തോളം പേര്‍ മാത്രമാണ് ഒന്നാം ഡോസ് വാക്സിനെടുക്കാനുള്ളത്. ഇനിയും ആദ്യ ഡോസ് വാക്സിന്‍ എടുക്കാനുള്ളവര്‍ ഉടന്‍ തന്നെ കോവിന്‍ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തോ തൊട്ടടുത്ത വാക്സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തിയോ വാക്സിന്‍ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
 
45 വയസില്‍ കൂടുതല്‍ പ്രായമുള്ള 97 ശതമാനത്തിലധികം ആളുകള്‍ക്ക് ആദ്യ ഡോസും 61 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളും 100 ശതമാനം ആദ്യ ഡോസ് വാക്സിന്‍ എടുത്തു. ആരോഗ്യ പ്രവര്‍ത്തകരില്‍ 88 ശതമാനം പേരും കോവിഡ് മുന്നണി പോരാളികളില്‍ 90 ശതമാനം പേരും രണ്ടാം ഡോസ് എടുത്തിട്ടുണ്ട്. 18നും 44നും ഇടയ്ക്ക് പ്രായമുള്ളവരില്‍ 80 ശതമാനം പേര്‍ ആദ്യ ഡോസും 18 ശതമാനം പേര്‍ രണ്ടാം ഡോസും എടുത്തിട്ടുണ്ട്. സ്ത്രീകളാണ് പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ വാക്സിനെടുത്തത്. സ്ത്രീകള്‍ 1,88,71,205 ഡോസ് വാക്സിനും പുരുഷന്‍മാര്‍ 1,75,24,970 ഡോസ് വാക്സിനുമാണെടുത്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍