ഡെയ്സി ഒരു മാലാഖയായിരുന്നു

ശനി, 13 ജൂണ്‍ 2009 (19:55 IST)
ഡെയ്സി എന്നെ അത്ഭുതപ്പെടുത്തിയില്ല. ഈയിടെയായി അവളുടെ പ്രവൃത്തികള്‍ അല്ലെങ്കില്‍ തന്നെ എന്നില്‍ അത്ഭുതമൊന്നും ഉണ്ടാക്കില്ല. ആദ്യകാലങ്ങളില്‍ ഡെയ്സി ഒരു വിസ്മയമായിരുന്നു. കാലം ചെല്ലുന്തോറും വിസ്മയിപ്പിക്കല്‍ അവള്‍ തുടരുന്നുണ്ട്. എന്നാല്‍, ഞാന്‍ അതിന് ശീലപ്പെട്ടിരിക്കുന്നു.

“എന്‍റെ വലത്തെ തുടയില്‍ ഒരു മുറിപ്പാടുണ്ട്. ശരിയോ തെറ്റോ?” - ഇന്നു കണ്ടപ്പോള്‍ തന്നെ അവള്‍ ചോദിച്ചു. അവളുടെ വീട്ടിലായിരുന്നു ഞങ്ങള്‍ സന്ധിച്ചത്. ആരാണ് വന്നിരിക്കുന്നതെന്നറിയാന്‍ വേലക്കാരിത്തള്ള ഒന്നു എത്തിനോക്കിപ്പോയി. ഞാന്‍ ഡെയ്സിയെ നോക്കി ചിരിച്ചു.

“ശരി എന്നു പറഞ്ഞാല്‍ എങ്ങനെയറിയാം എന്നാവും മറുചോദ്യം. തെറ്റ് എന്നാണെങ്കിലോ, അതിനെയും നീ പ്രതിരോധിക്കും. എങ്കിലും തെറ്റ് എന്നു പറയാനാണ് എനിക്കിഷ്ടം. നിന്‍റെ ശരീരത്തില്‍ ഒരു മുറിപ്പാട് അഭംഗിയാണ്” - എന്‍റെ ഉത്തരം അവളെ ആഹ്ലാദിപ്പിച്ചു.

എന്‍റെ മുന്നിലെ സ്റ്റൂളില്‍ ഇരുന്ന് മിനി സ്കര്‍ട്ട് മുകളിലേക്കുയര്‍ത്തി ഡെയ്സി. വെളുത്തു ചുവന്ന തുടയില്‍ ഒരു കറുത്ത പാട്‌!

“ഇത് അഭംഗിയല്ല. ഭാഗ്യമാ. ഈ മുറിവുണ്ടായി കൃത്യം ഏഴാം ദിവസമാണ് ഞാന്‍ ഗോകുലിനെ പരിചയപ്പെട്ടത്” - അവള്‍ ഊറിച്ചിരിച്ചു. ആ കണ്ണുകളില്‍ ലജ്ജ കണ്ടു.

എനിക്ക് ആ ചിരിയില്‍ പങ്കുകൊള്ളാന്‍ തോന്നിയില്ല. ഗോകുല്‍...അയാളൊരിക്കലും ഡെയ്സിയെ മനസിലാക്കിയിട്ടില്ല. അല്ലെങ്കില്‍ മനസിലാക്കേണ്ട കാര്യമെന്ത്? വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണയാള്‍.

ഡെയ്സി എഴുന്നേറ്റ് എന്‍റെ തോളില്‍ പിടിച്ചു. “നീ മനസില്‍ ഓര്‍ത്തതെന്തെന്ന് ഞാന്‍ പറയട്ടേ. ഗോകുലിന് ഒരിക്കലും എന്നെ സ്നേഹിക്കാന്‍ കഴിയില്ല എന്നല്ലേ?” - ഡെയ്സി ആളുകളുടെ മനസു വായിക്കുന്നതില്‍ മിടുക്കിയാണ്. ഗോകുലിന്‍റെ മനസും അവള്‍ക്കറിയാം. അയാളെ ഒരിക്കലും സ്വന്തമാക്കാനാവില്ലെന്നും അറിയാം. എന്നിട്ടും സ്നേഹിച്ചുകൊണ്ടേയിരിക്കുന്നു.

“നീ എന്തിന് ബോതേര്‍ഡ് ആവുന്നു?” - എന്‍റെ മുഖത്താണ് അവളുടെ വിരലുകള്‍. “ഗോകുല്‍ എന്നെ പ്രണയിക്കാതിരിക്കട്ടെ. ഈ ലോകം അവസാനിക്കുവോളം. ഒരു പക്ഷേ അയാളെന്നെ പ്രേമിച്ചാല്‍..ആ നിമിഷം ഞാന്‍ എവിടേക്കെങ്കിലും ഓടിപ്പോയേക്കും..” - ഉറക്കെയുറക്കെ ചിരിച്ചു കൊണ്ട് അവള്‍ സോഫയിലേക്കിരുന്നു. രാവിലെ കുടിച്ചു പകുതിയാക്കിയ മദ്യക്കുപ്പി കൈയിലെടുത്ത് എനിക്കു നേരെ നീട്ടി.

“നീയും കുടിക്ക്...കുടിക്കുന്നവരെ എനിക്കിഷ്ടമാണ്” - ഞാന്‍ സോഫയിലിരുന്നു. “ഡെയ്സി...നീ ചിരിക്കുമ്പോള്‍, ഒന്നുകില്‍ എന്തോ ഒരു അത്യാഹിതം നടക്കാന്‍ പോകുന്നു...അല്ലെങ്കില്‍, അപ്രതീക്ഷിതമായ എന്തോ ഒരു കാര്യം നീ പറയാന്‍ പോകുന്നു..അങ്ങനെ തോന്നുവാ എനിക്ക്. ഒരിക്കലും നീ ഉള്ളുതുറന്നു ചിരിക്കുകയാണെന്ന് തോന്നിയിട്ടില്ല.”

അവള്‍ കുറേക്കൂടി അടുത്തേക്കിരുന്നു. “എന്നെപ്പോലെ സുന്ദരിയായ ഒരു പെണ്ണ് നിന്‍റെ മുന്നില്‍ സ്കര്‍ട്ട് പൊക്കി തുട കാണിച്ചു തന്നപ്പോള്‍ എന്തു തോന്നി....നീ ഒരാണാണെന്നാ ഞാന്‍ കരുതുന്നത്. എന്നെ ഒന്നു തൊടാനോ ഉമ്മ വയ്ക്കാനോ നീ ശ്രമിക്കാഞ്ഞതെന്ത്?”

“തോന്നായ്കയല്ല..ആ നിമിഷം നീ എന്‍റെ മുഖത്തടിച്ചേക്കും. ഒരു പക്ഷേ നിന്‍റെ ഫ്രണ്ട്സ് ലിസ്റ്റില്‍ നിന്ന് എന്നെ എന്നെന്നേക്കുമായി ഒഴിവാക്കിയേക്കും” - ഞാന്‍ പറഞ്ഞു. അവള്‍ ഉറക്കെയുറക്കെ ചിരിക്കുകയാണ് ചെയ്തത്. പിന്നെ പെട്ടെന്ന് സീരിയസ്. ആ ഭാവമാറ്റം എനിക്ക് പരിചിതമാണ്.

“മുഖത്തടിക്കുകയോ നിന്നെ ഒഴിവാക്കുകയോ ചെയ്യില്ല. ഞാന്‍ ഈ സോഫയില്‍...അല്ലെങ്കില്‍ അപ്പുറത്ത് ബെഡ്‌റൂമില്‍...എന്‍റെ വിശാലമായ പൂമെത്തയില്‍ മലര്‍ന്നുകിടക്കാം...നിനക്കു ധൈര്യമുണ്ടോ?”

ചോദ്യം ഗൌരവമായിട്ടാണ്. ഞാന്‍ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ഈ ലോകത്തെ ഏറ്റവും സൌന്ദര്യം ഇവള്‍ക്കാണ്. ഇവളുടെ മിഴികള്‍ക്കും ചുണ്ടുകള്‍ക്കുമാണ്. ഉരുണ്ടു ഭംഗിയുള്ള കഴുത്ത്. വസ്ത്രത്തിനുള്ളില്‍ അഴകിന്‍റെ സമ്പത്ത്.

“നീ സ്വപ്നം കാണണ്ട...ഉപയോഗിച്ചോളൂ. ഈ ശരീരത്തിലെ ഓരോ ഇഞ്ചിലും ഉമ്മവയ്ക്കൂ....” - ആ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.

ഞാന്‍ പെട്ടെന്നെഴുന്നേറ്റ് റൂമിന് പുറത്തേക്ക് നടന്നു. “എബീ‍” ഉച്ചത്തില്‍ വിളിച്ച് അവള്‍ ഓടി വന്നു.

“പിണങ്ങിപ്പോകരുത്... ഇപ്പോള്‍ പോയാല്‍ എന്‍റെ ഫ്രണ്ട്സ് ലിസ്റ്റില്‍ പിന്നെ നീയുണ്ടാവില്ല”

എനിക്ക് അത് സഹിക്കാനാവില്ലെന്ന് അവള്‍ക്കറിയാം. ഇതു പലവട്ടം പ്രയോഗിച്ചിട്ടുണ്ട്. ഒരു തരം ബ്ലാക് മെയിലിംഗായി പലപ്പോഴും തോന്നാറുമുണ്ട്. എങ്കിലും ഈ ബ്ലാക് മെയിലിംഗ് എനിക്കിഷ്ടമാണ്. അവള്‍ എന്നെ പിടിച്ചു വലിച്ച് സോഫയില്‍ കൊണ്ടിരുത്തി.

“ഗോകുല്‍ എന്നെ ഉപയോഗിക്കുന്നത് ഞാന്‍ എന്നും സ്വപ്നം കാണാറുണ്ട്. അയാളുടെ കരുത്തുറ്റ ശരീരത്തില്‍..വിയര്‍പ്പില്‍ ഒട്ടിക്കിടക്കുന്നത്....ആ ചുണ്ടുകള്‍ എന്‍റെ ചുണ്ടില്‍ അമരുന്നത്...എന്‍റെ മാറിടത്തില്‍ അയാളുടെ മാറ് അമര്‍ന്ന്...അയാളുടെ കാലുകള്‍ക്കിടയില്‍ ഡെയ്സി എന്ന പെണ്ണ് തളര്‍ന്നു കിടക്കുന്നത്...” - മദ്യം നുണഞ്ഞുകൊണ്ടാണ് അവള്‍ സംസാരിക്കുന്നത്.

“എന്നും..എന്നും സ്വപ്നം കാണുന്നു...എബീ, ആ സുഖം ഒരിക്കലും അനുഭവിക്കാനാകില്ലെന്നറിയാം..എങ്കിലും സ്വപ്നം കാണുന്നു...അയാളെ കാമിക്കുന്നു. എല്ലാം സമര്‍പ്പിച്ചതിന് ശേഷം ആ കണ്ണുകളില്‍ നോക്കി കിടക്കുന്നത് എനിക്ക് എത്ര സംതൃപ്തി തരും എന്നറിയുമോ?...അയാളുടെ സ്ഥാനത്ത് ഒരിക്കലും മറ്റൊരാളെ കാണാനാകില്ല. നീ എന്നെ പ്രാപിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍..ഉറപ്പാണ്...ഞന്‍ മുഖത്തടിച്ചേനെ...”

ഞാന്‍ ഒന്നും പറഞ്ഞില്ല. പറഞ്ഞു മനസിലാക്കാന്‍ പലവട്ടം ശ്രമിച്ചതാണ്. പരാജയപ്പെട്ടതാണ്.

“എന്ത് പറഞ്ഞാലും മനസിലാകാത്ത മണ്ടി...അല്ലേ? അങ്ങനെയല്ലേ നീ ചിന്തിച്ചത്?” - എന്‍റെ മനസു വായിച്ച് അവള്‍ വീണ്ടും ചിരിച്ചു. അവള്‍ മദ്യത്തിന്‍റെ ലഹരിയിലാണ് എന്നെനിക്ക് തോന്നി. ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. ‘ഒന്നിവിടം വരെ വരുമോ?’ എന്ന് ചോദിച്ചപ്പോള്‍ വരേണ്ടിയിരുന്നില്ല. ഈ നിലതെറ്റിയ കാഴ്ച കാണേണ്ടിയിരുന്നില്ല.

കുടിച്ച് ബോധം മറയുന്നതു വരെ നോക്കി നിന്നു. പിന്നെ സോഫയിലേക്ക് ചെരിച്ചു കിടത്തി, ഇറങ്ങിപ്പോന്നു.

ഡെയ്സി മരിച്ചു എന്ന വാര്‍ത്ത കേട്ടപ്പോഴും ഒട്ടും അത്ഭുതമോ ദുഃഖമോ തോന്നിയില്ല. ഇത് പ്രതീക്ഷിച്ചതാണ്. വ്യത്യസ്തമായ ഒരു പരീക്ഷണം മരണത്തിലും അവള്‍ സ്വീകരിക്കുമെന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ, ഇത് തീര്‍ത്തും സാധാരണം. ഏതൊരു മലയാളിയും ആദ്യം പരീക്ഷിക്കുന്ന രീതി. ഒരു സാരിയില്‍, കഴുത്ത് വലിഞ്ഞു മുറുകി, കൈകള്‍ ശരീരത്തില്‍ നിന്ന് തെറിച്ച് മുറുക്കി... കണ്ണടഞ്ഞു തന്നെയിരുന്നു. ചുണ്ടില്‍ ഒരു പുഞ്ചിരി തങ്ങിയോ എന്നു സംശയം. ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ചു എന്ന് പറയില്ല ആരും.

ചുരുട്ടിപ്പിടിച്ച ഇടതുകൈക്കുള്ളില്‍ നിന്ന് ഒരു പേപ്പര്‍ പൊലീസുകാരനാണ് എടുത്തത്. ചുക്കിച്ചുളിഞ്ഞ ഒരു പേപ്പര്‍.

“അവനോടു പറയുക...ഡെയ്സി ഒരു മാലാഖയായിരുന്നു എന്ന്”

ആ വാചകം എന്നോടായിരുന്നു എന്നെനിക്കു തോന്നുന്നു. ‘അവന്‍’ എന്ന് ഉദ്ദേശിച്ച ആളെയും അറിയാം. പക്ഷേ ഒരിക്കലും അത് അവനോടു പറയില്ല. അത് എന്‍റെ മാത്രം സ്വകാര്യം.

വെബ്ദുനിയ വായിക്കുക