മമ്മൂട്ടി തന്റെ കരിയറില്‍ ഒരുപാട് വലിയ ഹിറ്റുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയും ആവനാഴിയും സിബിഐയും വീരഗാഥയും അപ്പൂസും രാജമാണിക്യവും ഹിറ്റ്ലറുമെല്ലാം മലയാളം കൊണ്ടാടിയ സിനിമകളാണ്. അവയെ എല്ലാം പിന്തള്ളി ദി ഗ്രേറ്റ്ഫാദര്‍ വമ്പന്‍ ഹിറ്റായത് അക്ഷരാര്‍ത്ഥത്തില്‍ അപ്രതീക്ഷിതം തന്നെയാണ്.
ഗ്രേറ്റ്ഫാദറിന് വലിയ ഹൈപ്പ് ഉണ്ടായിരുന്നു എന്നത് സത്യമാണ്. എന്തായിരിക്കും ഈ സിനിമയുടെ കഥ, എന്തായിരിക്കും മമ്മൂട്ടിയുടെ ക്യാരക്ടര്‍ തുടങ്ങിയ കാര്യങ്ങളില്‍ വലിയ ക്യൂരിയോസിറ്റി ഉണ്ടായിരുന്നു. ആര്യയുടെയും സ്നേഹയുടെയും സാന്നിധ്യമൊക്കെ ഹൈപ്പിന് ആക്കം കൂട്ടി.
മാത്രമല്ല, പുറത്തുവിട്ട ടീസറുകള്‍ ഗംഭീരമായിരുന്നു. അതൊക്കെ സത്യമാണെങ്കിലും ഇതൊരു നവാഗത സംവിധായകന്റെ ചിത്രമാണ്. ബജറ്റ് വെറും ആറുകോടിയും. അതുകൊണ്ടുതന്നെ അത്രവലിയ പ്രതീക്ഷ ആരും വച്ചുപുലര്‍ത്തിയില്ല.
എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട്, എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് മലയാള സിനിമയിലെ ഏറ്റവും മികച്ച വിജയമായി ഗ്രേറ്റ്ഫാദര്‍ മാറുന്നതാണ് പിന്നീട് കണ്ടത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ പണംവാരിപ്പടമായി ഈ സിനിമ മാറുമ്പോള്‍ അത് മലയാള സിനിമയുടെ പുതിയ വളര്‍ച്ചയുടെ കഥ കൂടിയാണ്.
ശക്തമായ ഒരു വിഷയത്തെ സ്റ്റൈലിഷായ ഒരു ത്രില്ലറാക്കി മാറ്റാന്‍ ഹനീഫ് അദേനിക്ക് കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ ഏറ്റവും പ്രധാന വിജയരഹസ്യം. മമ്മൂട്ടി എന്ന താരത്തെയും നടനെയും അതിഗംഭീരമായി ഉപയോഗിക്കാന്‍ കഴിഞ്ഞു എന്നത് മറ്റൊരു വിജയകാരണം. എന്തായാലും ദി ഗ്രേറ്റ്ഫാദര്‍ കളക്ഷനിലും ബിഗ് ഡാഡി ആയപ്പോള്‍ മമ്മൂട്ടിയുടെ താരമൂല്യം കുതിച്ചുയരുകയാണ്.