ഇന്ന് ലോക ടെലിവിഷന്‍ ദിനം. സോഷ്യല്‍ മീഡിയ വാഴും കാലത്തും ടെലിവിഷന്‍ പ്രേക്ഷകരുടെ എണ്ണത്തില്‍ കാര്യമായ വീഴ്ച വന്നില്ല. ഇന്നും ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ബഹുജന മാധ്യമം ടെലിവിഷന്‍ തന്നെയാണ്. ഒരുകാലത്ത് ദൂരദര്‍ശന്‍ കണ്ടുശീലിച്ച ഇന്ത്യക്കാര്‍ എണ്‍പതുകളില്‍ മഹാഭാരതം, രാമായണം തുടങ്ങിയ പരമ്പരകളും രംഗോലി, ചിത്രഹാര്‍ എന്നീ പരിപാടികളും ഹിറ്റാക്കി മാറ്റി. തൊണ്ണൂറുകള്‍ ആയപ്പോഴേക്കും സംഗതികള്‍ മാറി.കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക ഉദാവല്‍ക്കരണ നയങ്ങള്‍ അവലംബിച്ചപ്പോള്‍ ടെലിവിഷന്‍ രംഗത്ത് വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഇന്ത്യയില്‍ വിദേശ ചാനലുകള്‍ സംപ്രേക്ഷണം ആരംഭിച്ചു. അതിനു തൊട്ടു പുറകെ തന്നെ സ്വകാര്യ ചാനലുകളും എത്തി.സീ ടിവിയാണ് ആദ്യത്തെ സ്വകാര്യ ചാനല്‍.
എന്നാല്‍ ഇന്ന് ടെലിവിഷന്‍ സാധാരണക്കാരന്‍ അല്ല. പുള്ളിക്കാരന്‍ സ്മാര്‍ട്ടാണ് ഇപ്പോള്‍. സ്ട്രീമിംഗ് സേവനങ്ങള്‍ ലഭ്യമായതോടെ നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ ഉള്‍പ്പെടെയുള്ളവ ടെലിവിഷനിലൂടെയും കാണാനാകുന്നത് ടെലിവിഷന്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാക്കി.ടെലിവിഷന്‍ പരിപാടികള്‍ ലോകത്ത് അങ്ങോട്ടുമിങ്ങോട്ടും കൈമാറുക എന്നതാണ് ടെലിവിഷന്‍ ദിനാചരണത്തിന്റെ ഒരു പ്രധാന ഉദ്ദേശവും.