'ജേഴ്സി' എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ഗൗതം തന്നൂരി ഒരുക്കിയ ബ്രഹ്‌മാണ്ഡ ആക്ഷന്‍ ചിത്രം 'കിങ്ഡം' ട്രെയ്ലര്‍ ശ്രദ്ധനേടുന്നു. വിജയ ദേവരകൊണ്ട നായകനായി എത്തുന്ന ചിത്രത്തില്‍ വില്ലനായി വേഷമിട്ടിരിക്കുന്നത് മലയാളി താരമായ വെങ്കിടേഷ് വി.പി എന്ന വെങ്കിയാണ്. ട്രെയ്‌ലറിലെ വെങ്കിയുടെ പെര്‍ഫോമന്‍സും ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
തെലുങ്കിലും തമിഴിലുമായി ഒരുക്കിയ ചിത്രത്തില്‍ രണ്ടു വ്യത്യസ്ത ലുക്കില്‍ പക്കാ മാസ് റോളിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. സിത്താര എന്റര്‍ടെയ്‌മെന്റും ഫോര്‍ച്യൂണ്‍ 4 സിനിമാസും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത് സത്യ ദേവ്, ഭാഗ്യശ്രീ ബോര്‍സെ എന്നിവരാണ്. ഗംഭീര ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. ജൂലൈ 31 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് ചിത്രം കേരളത്തിലെത്തിക്കും.
മലയാളത്തില്‍ ഒരുപിടി ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ വെങ്കിടേഷിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രമായാണ് 'കിങ്ഡം' എത്തുന്നത്. 'നായികാ നായകന്‍' എന്ന റിയാലിറ്റി ഷോയിലെ മികച്ച ഹാസ്യ നടനുള്ള പുരസ്‌കാരം നേടി ശ്രദ്ധേയനായ വെങ്കിടേഷ്, അതിനു ശേഷം പ്രണയ നായകന്‍ ആയും വൈകാരിക ആഴമുള്ള കഥാപാത്രങ്ങളിലും മികച്ച പ്രകടനം നടത്തി ശ്രദ്ധ നേടി. ലവ്ഫുള്ളി യുവേഴ്‌സ് വേദ, സ്റ്റാന്‍ഡ് അപ് തുടങ്ങിയ ചിത്രങ്ങളിലെ വെങ്കിടേഷിന്റെ പ്രകടനത്തിന് വലിയ പ്രേക്ഷക - നിരൂപക പ്രശംസയാണ് ലഭിച്ചത്. മമ്മൂട്ടി നായകനായ 'ദി പ്രീസ്റ്റ്' എന്ന ചിത്രത്തിലും വെങ്കി നടത്തിയത് ശ്രദ്ധേയമായ പ്രകടനമാണ്.