സയന്‍സ് ഫിക്ഷന്‍ മോക്യുമെന്ററിയായ ഗഗനചാരി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ അരുണ്‍ ചന്തു ഒരുക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. തിയേറ്ററുകളില്‍ വമ്പന്‍ വിജയമായില്ലെങ്കിലും ഒടിടി റിലീസിന് പിന്നാലെ ഗഗനചാരി വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. അടുത്തതായി മലയാളത്തില്‍ പരിചിതമല്ലാത്ത സോംബി സിനിമയാണ് അരുണ്‍ ചന്തു ഒരുക്കുന്നത്.
വല എന്ന് പേരിട്ടിരിക്കുന്ന പുതിയ സിനിമയുടെ അനൗണ്‍സ്‌മെന്റ് വീഡിയോ കഴിഞ്ഞ ദിവസം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഗഗനചാരിക്ക് സമാനമായി കോമഡി കലര്‍ന്നതായിരിക്കും പുതിയ സോംബി സിനിമയും എന്ന സൂചനയാണ് വല നല്‍കുന്നത്. സിനിമ ഗഗനചാരിയുടെ തുടര്‍ച്ചയാണോ അതോ വ്യത്യസ്തമായ സിനിമയാണോ എന്ന കാര്യം സംവിധായകന്‍ വ്യക്തമാക്കിയിട്ടില്ല.
ഗഗനചാരിയിലെ താരങ്ങളായിരുന്ന ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, അനാര്‍ക്കലി മരക്കാര്‍, കെ ബി ഗണേഷ്‌കുമാര്‍, ജോണ്‍ കൈപ്പള്ളില്‍ എന്നിവര്‍ സിനിമയുടെ ഭാഗമാണ്. ഇവര്‍ക്ക് പുറമെ മാധവ് സുരേഷും ഭഗത് മാനുവലും വലയിലുണ്ടാകും.