എന്തിനാണ് കരിയറിന്റെ ഏറ്റവും നല്ല സമയത്ത് വില്ലത്തി വേഷം ചെയ്യുന്നതെന്ന് എല്ലാവരും ചോദിച്ചു; ഉർവശി

നിഹാരിക കെ.എസ്

തിങ്കള്‍, 5 മെയ് 2025 (13:45 IST)
നടി ഉർവശി ചെയ്തുവെച്ചിരിക്കുന്ന നായിക കഥാപാത്രങ്ങൾക്കെല്ലാം ജീവനുണ്ട്. എക്കാലവും ഓർത്തിരിക്കാൻ കഴിയുന്ന സിനിമകളാണതൊക്കെയും. അതിൽ തലയണ മന്ത്രത്തിലെ കൗശലക്കാരിയായ കാഞ്ചനയെ അവതരിപ്പിച്ചതിന് കുറിച്ച് ഉർവശി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ തുറന്നു പറഞ്ഞു. 
 
'എന്റെ കരിയറിന്റെ ഉന്നതിയിൽ നിൽക്കുന്ന സമയത്താണ് തലയണമന്ത്രത്തിലേക്കുള്ള അവസരം ലഭിക്കുന്നത്. എല്ലാത്തരം ഷെയ്ഡിലുമുള്ള കഥാപാത്രം ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളായത് കൊണ്ട് തന്നെ എന്റെ വേഷം വില്ലത്തിയാണെന്ന് കേട്ടപ്പോൾ സന്തോഷം തോന്നി. ഞാൻ അതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായത് കൊണ്ട് എന്റെ ചുറ്റും നിൽക്കുന്നവർക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. എന്തിനാണ് കരിയറിന്റെ ഏറ്റവും നല്ല സമയത്ത് വില്ലത്തി വേഷം ചെയ്യുന്നതെന്നായിരുന്നു അവരുടെ ചോദ്യം. നമ്മുടെ ചുറ്റും കാണുന്ന പല മനുഷ്യരെയും സ്‌ക്രീനിൽ കൊണ്ട് വരുന്നതിലായിരുന്നു അന്നും എനിക്ക് ത്രിൽ. 
 
സത്യൻ ചേട്ടൻ (സത്യൻ അന്തിക്കാട് ) കാഞ്ചനയെ കുറിച്ച് പറഞ്ഞപ്പോൾ, അന്ന് സാധാരണമായി കാണുന്ന വില്ലത്തിയെ പോലെയുള്ള വേഷവിധാനങ്ങളും മാനറിസവുമൊക്കെയാവുമെന്നാണ് ഞാൻ കരുതിയത്. അതിന് വേണ്ടി അതുവരെ മലയാളത്തിൽ കണ്ട വില്ലത്തി വേഷങ്ങളുടെ റഫറൻസെല്ലാം എടുത്താണ് പോയത്. ലൊക്കേഷനിലെത്തി, ആദ്യ സീൻ സത്യൻ ചേട്ടൻ പറഞ്ഞപ്പോൾ സാധരണ വില്ലത്തിമാരിൽ കാണുന്ന രീതിയിൽ ഞാൻ ചെയ്യാൻ ഒരുങ്ങി. 
 
അപ്പോൾ അങ്ങനെ ചെയ്യരുതെന്നും സാധാരണ ഉർവശി എങ്ങനെയാണോ അഭിനയിക്കുന്നത് അങ്ങനെ മാത്രം അഭിനയിച്ചാൽ മതിയെന്ന് പറഞ്ഞത്. അത് കേട്ട് ഞാൻ ഞെട്ടി, ഞാൻ കണ്ട വില്ലത്തിമാർ അങ്ങനെയല്ലലോ.. പിന്നീട് സിനിമ വന്നപ്പോഴാണ് കാഞ്ചനയുടെ ഷെയ്ഡ് എനിക്ക് പോലും മനസിലായത്. ഇപ്പോഴും എന്നെ ഇഷ്ടപ്പെടുന്നവർ ഇഷ്ടപ്പെടുന്ന കഥാപാത്രമാണ് കാഞ്ചന. ശ്രീനിയേട്ടൻ എഴുതുന്ന സ്ത്രീ കഥാപാത്രങ്ങളെല്ലാം വ്യത്യസ്തമാണ്. അത്രത്തോളം സ്ത്രീകളെ ശ്രദ്ധിച്ചാണ് അദ്ദേഹം ഓരോ കഥാപാത്രങ്ങളെ എഴുതുക. ഒരേ കഥ പരിസരത്ത് രണ്ടു തരം ഷെയ്ഡുള്ള കഥാപാത്രങ്ങളെ അദ്ദേഹം കണ്ടെത്തി എഴുതും. ഇതെല്ലം എഴുതി വച്ച് ലൊക്കേഷനിൽ തനിക്കൊന്നും അറിയില്ലെന്ന ഭാവത്തിൽ ഇരിക്കും.'- ഉർവശിയുടെ വാക്കുകൾ.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍