ഉണ്ണി മുകുന്ദന് തമിഴിൽ സർപ്രൈസ് ഹിറ്റോ ?, ഗരുഡൻ തകർത്തെന്ന് പ്രേക്ഷകർ, ആദ്യ പ്രതികരണങ്ങൾ പുറത്ത്

അഭിറാം മനോഹർ

വെള്ളി, 31 മെയ് 2024 (12:56 IST)
Garudan, Unni Mukundan
മലയാള സിനിമയില്‍ തന്റെ ആദ്യ സിനിമ ചെയ്യുന്നതിനും മുന്‍പ് 2011ല്‍ തമിഴില്‍ സീഡന്‍ എന്ന സിനിമയിലൂടെയായിരുന്നു ഉണ്ണി മുകുന്ദന്‍ സിനിമയിലെത്തുന്നത്. നന്ദനം എന്ന സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട സിനിമയായിരുന്നു ഇത്. പിന്നീട് ബോംബൈ മാര്‍ച്ച് 12 എന്ന സിനിമയിലൂടെ മലയാളത്തില്‍ ശ്രദ്ധനേടിയ ഉണ്ണി മുകുന്ദന്‍ മല്ലു സിംഗ് എന്ന ഹിറ്റ് സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറുകയായിരുന്നു. മലയാളത്തില്‍ തന്റെ സ്ഥാനം ഉറപ്പിച്ച ശേഷം തെലുങ്കില്‍ ഭാഗ്മതി,ജനതാ ഗാരേജ് എന്നീ സിനിമകളിലും ഉണ്ണി മുകുന്ദന്‍ അഭിനയിച്ചിരുന്നു.
 
 ഇപ്പോഴിതാ 13 വര്‍ഷങ്ങള്‍ക്ക് ശേഷം വെട്രിമാരന്‍ കഥ എഴുതിയ ഗരുഡന്‍ എന്ന സിനിമയിലൂടെ തമിഴില്‍ തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഉണ്ണി മുകുന്ദനൊപ്പം സൂരി,ശശി കുമാര്‍ എന്നിവര്‍ പ്രധാനതാരങ്ങളായ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് റിലീസ് ദിനത്തില്‍ നിന്നും ലഭിക്കുന്നത്. റിലീസിന് മുന്നോടിയായി ഇന്നലെ നടന്ന പ്രീമിയറിലും സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. മൂന്ന് പുരുഷന്മാര്‍ക്കിടയിലെ സൗഹൃദം,ഈഗോ,ചതി എന്നിവയെല്ലാമാണ് ഗരുഡന്‍ വിഷയമാക്കുന്നത്.
 
 അഭിനേതാക്കളായ സൂരി,ഉണ്ണി മുകുന്ദന്‍,ശശി കുമാര്‍ എന്നിവര്‍ മികച്ച പ്രകടനങ്ങളാണ് സിനിമയില്‍ നടത്തിയിരിക്കുന്നത്. ശക്തമായ കഥയില്‍ അതിനൊത്ത മികച്ച പ്രകടനങ്ങള്‍ അഭിനേതാക്കളും കാഴ്ചവെച്ചിരിക്കുന്നതായി സിനിമയിലെ ആദ്യ ദിനപ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷം തമിഴില്‍ വന്നതില്‍ മികച്ച സിനിമയാണിതെന്നാണ് ലെറ്റ്‌സ് സിനിമ എന്ന പേജ് ട്വിറ്ററില്‍ കുറിച്ചത്. ആര്‍ എസ് ദുരൈ സെന്തില്‍_കുമാര്‍ സംവിധാനം ചെയ്ത സിനിമയില്‍ രേവതി ശര്‍മ,ശിവദ,രോഷിണി ഹരിപ്രിയന്‍,സമുദ്രക്കനി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. യുവാന്‍ ശങ്കര്‍ രാജയാണ് സിനിമയുടെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍