ബോളിവുഡില്‍ അഭിനയമികവ് കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് നവാസുദ്ദിന്‍ സിദ്ദിഖി. വംശീയത ഇല്ലാത്ത ഒരേയൊരു മേഖലയാണ് സിനിമാമേഖല എന്നാണ് സിദ്ദിഖിയുടെ വിലയിരുത്തല്‍.
ഒരു അഭിമുഖത്തില്‍ ആയിരുന്നു നവാസുദ്ദിന്‍ സിദ്ദിഖിയുടെ അഭിപ്രായപ്രകടനം. ‘സിനിമാമേഖലയില്‍ വംശീയത ഇല്ല. കഴിവിനാണ് ഈ മേഖലയില്‍ പ്രാമുഖ്യം. അതുകൊണ്ടു തന്നെ സമയമെടുത്തും. നിങ്ങള്‍ക്ക് കഴിവുണ്ടെങ്കില്‍ അര്‍ഹമായ സമയത്തു തന്നെ അവസരം ലഭിക്കും. ഈ മേഖലയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ താന്‍ നന്ദിയുള്ളവനാണ്” - നവാസുദ്ദിന്‍ സിദ്ദിഖി പറഞ്ഞു.
എന്നാല്‍ സിനിമാവ്യവസായത്തില്‍ ഏറ്റവും വിപണിസാധ്യതയുള്ള താരമാണ് എന്ന വിലയിരുത്തലിനോട് താന്‍ അതിനേക്കുറിച്ച് ചിന്തിക്കാറേ ഇല്ലെന്ന് ആയിരുന്നു സിദ്ദിഖിയുടെ മറുപടി. തന്റെ ജോലി ആത്മാര്‍ത്ഥമായി ചെയ്യുക എന്നതാണ് ലക്‌ഷ്യം. പിന്നെ, സ്വയം സത്യസന്ധമായിരിക്കുക. ഏറ്റവും മികച്ച പ്രകടനം നല്കാന്‍ മാത്രമാണ് താന്‍ എപ്പോഴും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബ്ലാക്ക് ഫ്രൈഡേ, ഗാംഗ്‌സ് ഓഫ് വാസീപുര്‍, കഹാനി, രമണ്‍ രാഘവ് 2.0 തുടങ്ങി നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി ഉള്ളത്. നിലവില്‍ പുതിയ ചിത്രമായ ‘ഫ്രീകി അലി’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കിലാണ് അദ്ദേഹം. സൊഹാലി ഖാന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.