മലയാളം സിനിമ കഴിഞ്ഞ 10 വര്‍ഷക്കാലത്തിനിടയിലുള്ള ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്. തുടര്‍ച്ചയായി മികച്ച അഭിപ്രായങ്ങള്‍ നേടുന്ന സിനിമകള്‍ ഇറങ്ങുന്നു എന്നതിനൊപ്പം കേരളത്തിന് പുറത്തേക്കും മാര്‍ക്കറ്റ് വ്യാപിപ്പിക്കുവാന്‍ 2024ല്‍ മലയാളം സിനിമയ്ക്ക് സാധിച്ചു. മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു എന്നീ സിനിമകളുടെ വമ്പന്‍ വിജയമാണ് മലയാളം സിനിമകള്‍ക്ക് പെട്ടെന്ന് സ്വീകാര്യത പുറത്ത് നേടികൊടുത്തത്.
മലയാള സിനിമ അതിന്റെ ഏറ്റവും നല്ല സമയത്തിലൂടെ കടന്നുപോകുമ്പോള്‍ തമിഴ്നാട്ടില്‍ ഇതുവരെയും ഒരു വമ്പന്‍ വിജയം നേടിയ സിനിമ 2024ല്‍ സംഭവിച്ചിട്ടില്ല. തെലങ്കാനയിലും ഇത് തന്നെയാണ് സ്ഥിതി. തിയേറ്ററുകളില്‍ ആളില്ലാത്ത അവസ്ഥയില്‍ സംസ്ഥാനത്തെ 400ലധികം തിയേറ്ററുകള്‍ രണ്ടാഴ്ചയ്ക്ക് അടച്ചിടാനുള്ള തീരുമാനം എടുത്തിരിക്കുകയാണ് തെലങ്കാന എക്‌സിബിറ്റേഴ്‌സ് . ഈ മാസം 17 മുതല്‍ 10 ദിവസത്തേക്കാണ് തിയേറ്ററുകള്‍ അടച്ചിടുന്നത്. ഇത് അഞ്ച് ദിവസം കൂടി നീട്ടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അടുത്തകാലത്തായി ഇറങ്ങിയ തെലുങ്ക് സിനിമകളെല്ലാം പരാജയപ്പെട്ടതാണ് തിയേറ്ററുകളെ ബാധിച്ചത്. നിര്‍മാതാക്കള്‍ വലിയ പ്രമോഷന്‍ നടത്തിയിട്ട് പോലും തിയേറ്ററുകളില്‍ ആളെത്തുന്നില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ പറയുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ നാല്‍പ്പതോളം സിനിമകള്‍ റിലീസായിട്ടും ഇവയ്‌ക്കൊന്നിനും തിയേറ്ററുകളില്‍ ചലനം സൃഷ്ടിക്കാനായിട്ടില്ല. കടുത്ത വേനല്‍ക്കാലവും ഇലക്ഷനും ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമെല്ലാമാണ് പ്രേക്ഷകരെ തിയേറ്ററില്‍ നിന്നും അകറ്റുന്നതെന്നാണ് വിലയിരുത്തലുകള്‍. തെലങ്കാനയ്ക്ക് പുറമെ ആന്ധ്ര പ്രദേശിലെ 800ഓളം തിയേറ്ററുകള്‍ അടച്ചുപൂട്ടാനും തെലങ്കാന എക്‌സിബിറ്റേഴ്‌സ് സമീപിച്ചിട്ടുണ്ട്.