കുഞ്ചാക്കോ ബോബന്‍-അരവിന്ദ് സ്വാമി ചിത്രത്തില്‍ നായികയാകാന്‍ തെലുങ്ക് നടി ഈഷ റെബ്ബ, 'ഒറ്റ്' ചിത്രീകരണം ഉടന്‍

കെ ആര്‍ അനൂപ്

ബുധന്‍, 17 മാര്‍ച്ച് 2021 (16:59 IST)
കുഞ്ചാക്കോ ബോബന്‍-അരവിന്ദ് സ്വാമി ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഒറ്റ്. തെലുങ്ക് നടി ഈഷ റെബ്ബ നായികയായി എത്തുന്നു എന്നതാണ് പുതിയ അപ്‌ഡേറ്റ്. ഈ ചിത്രത്തിലൂടെ താരം മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ്. പുതിയ രൂപത്തില്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുമെന്ന് നടി വെളിപ്പെടുത്തി. ശ്രുതി ഹാസന്‍ അമല പോള്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി ചിത്രം 'പിട്ട കാതലു'വില്‍ ഈഷ ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു. 
 
 മാര്‍ച്ച് അവസാനത്തോടെ ഗോവയില്‍ ചിത്രീകരണം ആരംഭിക്കും. മുംബൈ, മംഗലാപുരം എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.തമിഴ്-മലയാളം ദ്വിഭാഷ ചിത്രംകൂടിയാണിത്. അതിനാല്‍ തന്നെ രണ്ടു ഭാഷകളില്‍ നിന്നുള്ള പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കും. ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.
 
ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ അരവിന്ദ് സ്വാമി വില്ലന്‍ വേഷത്തിലെത്തുന്നുവെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. പി ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചാക്കോച്ചന്‍ ആണ് നായകന്‍.എസ് സജീവ് ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍