മലയാളത്തിൽ മാത്രമെന്നോ? , തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതറിയാം: രാധിക ശരത്കുമാർ

അഭിറാം മനോഹർ

ചൊവ്വ, 3 സെപ്‌റ്റംബര്‍ 2024 (12:14 IST)
Radhika sarathkumar
സിനിമാ മേഖലയിലെ അതിക്രമങ്ങളെ പറ്റി വീണ്ടും തുറന്നടിച്ച് രാധിക ശരത്കുമാര്‍. മലയാള സിനിമയിലെ ഒരു സെറ്റില്‍ വെച്ച് ചില മലയാള സിനിമാതാരങ്ങള്‍ സ്ത്രീതാരങ്ങളുടെ കാരവനിലെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇത് ഒന്നിച്ചിരുന്നു കണ്ടെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് തമിഴ് സിനിമയിലും മോശം അനുഭവങ്ങളുണ്ടെന്ന് വ്യക്തമാക്കിയത്. തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നും തന്റെ ഇടപെടല്‍ കാരണമാണ് നടി രക്ഷപ്പെട്ടതെന്നും ചെന്നൈയില്‍ പുതിയ സീരിയലുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ രാധിക ശരത് കുമാര്‍ പറഞ്ഞു.
 
 നടന്‍ അന്ന് മദ്യപിച്ചിട്ടുണ്ടായിരുന്നു. ഞാന്‍ ഇടപ്പെട്ടത് കൊണ്ടാണ് രക്ഷിക്കാനായത്. അയാളോട് ഞാന്‍ കയര്‍ത്തു. പിന്നാലെ ആ പെണ്‍കുട്ടി വന്ന് എന്നെ കെട്ടിപ്പിടിച്ചു. ഭാഷ മനസിലായില്ലെങ്കിലും നിങ്ങളെന്ന രക്ഷിച്ചുവെന്നാണ് അവള്‍ പറഞ്ഞതെന്ന് മനസിലായി. ആ പെണ്‍കുട്ടി ഇന്നും നല്ല സുഹൃത്താണ്. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള നടന്മാര്‍ ആദ്യം സിനിമാ മേഖലയിലെ സ്ത്രീകളെ സംരക്ഷിക്കാന്‍ ശ്രമിക്കണമെന്നും രാധിക പറഞ്ഞു.
 
പ്രശ്‌നങ്ങളെല്ലാം മലയാള സിനിമയിലാണെന്നും തമിഴ് സിനിമയില്‍ പ്രശ്‌നങ്ങളില്ലെന്നും അടുത്തിടെ തമിഴ് നടനായ ജീവ പ്രതികരിച്ചിരുന്നു. ഇതിനിടെയാണ് രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തല്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍