പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സൂര്യ ചിത്രമാണ് റെട്രോ. ആദ്യ ഷോ അവസാനിക്കുമ്പോള്‍ മികച്ച അഭിപ്രായമാണ് ചിത്രത്തെ കുറിച്ച് വരുന്നത്. സൂര്യ തിരിച്ചുവന്നു എന്നാണ് സിനിമ കണ്ടവർ പറയുന്നത്. ഒരു ബോക്‌സ് ഓഫീസ് വിജയത്തിനായി കാത്തിരിക്കുകയായിരുന്ന സൂര്യയ്ക്ക് പെര്‍ഫെക്ട് കംബാക്ക് ആണ് കാര്‍ത്തിക് സുബ്ബരാജ് നല്‍കിയിരിക്കുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നു. സമൂഹമാധ്യമങ്ങളിലെങ്ങും suriya is back എന്ന വാചകം ട്രെന്‍ഡിങ്ങാവുകയാണ്.
അടുത്തിടെ പുറത്തുവന്ന ഏറ്റവും മികച്ച മാസ് എന്റര്‍ടെയ്‌നറാണ് ചിത്രമെന്നും സൂര്യയുടെ ഗംഭീര പെര്‍ഫോമന്‍സ് കാണാമെന്നും അഭിപ്രായങ്ങളുണ്ട്. കാര്‍ത്തിക് സുബ്ബരാജിന്റെ മികച്ച സിനിമകളിലൊന്നാണ് റെട്രോയെന്നും നിരവധി പേര്‍ പറയുന്നുണ്ട്. സൂര്യയ്ക്ക് ഒരു തിയേറ്റർ വിജയം ആവശ്യമായിരുന്നു. ആ സമയത്താണ് റെട്രോ റിലീസ് ആകുന്നത്.
ചിത്രത്തില്‍ നായികയായി എത്തിയ പൂജ ഹെഗ്‌ഡെയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ചിത്രത്തിലേതെന്നും അഭിപ്രായങ്ങളുണ്ട്. ജയറാം,ജോജു ജോര്‍ജ് തുടങ്ങി ഒട്ടുമിക്ക അഭിനേതാക്കള്‍ക്കായും സമൂഹമാധ്യമങ്ങളില്‍ കയ്യടി ഉയരുന്നുണ്ട്. സന്തോഷ് നാരായണന്റെ മ്യൂസിക്കും ചിത്രത്തിലെ ആക്ഷന്‍ സീനുകളുമാണ് അടുത്ത പോസിറ്റീവ് ഘടകങ്ങളായി പറയപ്പെടുന്നത്. കനിമ എന്ന ഗാനത്തിന്റെ 15 മിനിറ്റ് സിംഗിള്‍ ഷോട്ട് ഗംഭീരമായ വിഷ്വല്‍ ട്രീറ്റാണെന്നും പലരും എക്സില്‍ കുറിക്കുന്നുണ്ട്. സൂര്യയുടെ 2ഡി സിനിമാസും കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ബെഞ്ചും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.