27 വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപി അമ്മ ജനറൽ ബോഡിയിൽ, എന്നാൽ എത്ര പേർക്കറിയാം ആ സംഘടന ഉണ്ടാക്കിയത് തന്നെ സുരേഷ് ഗോപിയാണെന്ന്

അഭിറാം മനോഹർ
ചൊവ്വ, 2 ജൂലൈ 2024 (15:16 IST)
27 വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ ജനറല്‍ ബോഡി മീറ്റിങ്ങില്‍ സുരേഷ് ഗോപി എത്തിയത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. താരസംഘടനയുടെ തിരെഞ്ഞെടുപ്പ് കൂടി നടക്കുന്ന ജനറല്‍ ബോഡിയില്‍ വോട്ടെടുപ്പ് തീരുന്നതിന് മുന്‍പായാണ് സുരേഷ് ഗോപി എത്തിയത്. കേന്ദ്രമന്ത്രി സ്ഥാനം നേടിയ സഹപ്രവര്‍ത്തകനെ അമ്മ അംഗങ്ങള്‍ അനുമോദിക്കുകയും ചെയ്തു.
 
ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് സംഘടനയുമായി അകന്ന സുരേഷ് ഗോപി 1997ന് ശേഷം അമ്മയില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു. നീണ്ട വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇടവേള ബാബുവിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സുരേഷ് ഗോപി സംഘടനയില്‍ തിരിച്ചെത്തിയത്. സുരേഷ് ഗോപിയുടെ ഈ തിരിച്ചെത്തല്‍ വാര്‍ത്ത ചര്‍ച്ചയാകുമ്പോള്‍ പലര്‍ക്കും അറിയാത്ത ഒരു കഥയുണ്ട്. അത് അമ്മ എന്ന സംഘടന തുടങ്ങിവെച്ച സുരേഷ് ഗോപിയെ പറ്റിയാണ്.
 
 അമ്മ ജനറല്‍ ബോഡി മീറ്റിംഗിനിടെ അമ്മയുടെ സ്ഥാപകരില്‍ ഒരാളായ മണിയന്‍ പിള്ള രാജുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. 1994ല്‍ സുരേഷ് ഗോപിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സംഘടന തുടങ്ങിയതെന്ന് മണിയന്‍ പിള്ള രാജു പറയുന്നു. സിനിമയിലെ താരങ്ങള്‍ക്കായി ഒരു സംഘടന വേണമെന്ന് ആദ്യം പറയുന്നത് സുരേഷാണ്. സംഘടന രൂപീകരിക്കാനായി 25,000 രൂപയും സുരേഷ് ഗോപി തന്നു. ഗണേഷ് കുമാര്‍ 10,000 രൂപയും ഞാന്‍ 10,000 രൂപയും ഇട്ടുകൊണ്ട് തിരുവനന്തപുരത്താണ് ആദ്യയോഗം നടക്കുന്നത്. അന്ന് 85 പേര്‍ ആ യോഗത്തില്‍ പങ്കെടുത്തു. അങ്ങനെയാണ് അമ്മ എന്ന സംഘടന തുടങ്ങുന്നത്.
 
 സംഘടനയിലെ ആദ്യത്തെ അംഗം സുരേഷ് ഗോപിയും രണ്ടാമത്തെ അംഗം ഗണേഷ് കുമാറും മൂന്നാമത്തെ അംഗം ഞാനുമാണ്. തുടങ്ങിയപ്പോള്‍ തന്നെ അമ്മയ്ക്ക് ഫണ്ട് സംഘടിപ്പിക്കാനായി ഷോ ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. തിരുവനന്തപുരത്തും കോഴിക്കോടും എറണാകുളത്തും അങ്ങനെ ഷോകള്‍ നടത്തി. അമിതാഭ് ബച്ചന്‍,കമല്‍ഹാസന്‍ ഉള്‍പ്പടെയുള്ളവര്‍ ഷോയ്‌ക്കെത്തി. അമ്മയ്ക്ക് വലിയ രീതിയില്‍ ആ ഷോയില്‍ നിന്നുള്ള വരുമാനം സഹായകമായി മാറി. അങ്ങനെയാണ് അമ്മ എന്ന സംഘടനയ്ക്ക് അടിത്തറയാകുന്നത്. മണിയന്‍ പിള്ള രാജു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article