ഇന്ത്യൻ സിനിമയുടെ കിംഗ് ഖാൻ ആണ് ഷാരൂഖ് ഖാൻ. നടന്റെ സിനിമാ ജീവിതവും വ്യക്തജീവിതവും ആരാധകർക്കറിയാം. നേടാൻ ഇനിയൊന്നും ബാക്കിയില്ലാത്ത ജീവിതമാണ് അദ്ദേഹത്തിന്റേത്. എന്നാൽ, ഷാരൂഖിനെ ഇന്നും അലട്ടുന്നൊരു വേദനയുണ്ട്.
തന്റെ സഹോദരിയുടെ ജീവിതം ഷാരൂഖ് ഖാന്റെ ഉള്ളിലെ ഒരിക്കലും ഉണങ്ങാത്തൊരു മുറിവാണ്. പഠിക്കാൻ മിടുക്കിയായിരുന്ന, ശോഭനമായൊരു ഭാവി മുന്നിലുണ്ടായിരുന്ന, എല്ലാവരേയും ഒരുപോലെ കണ്ടിരുന്ന, നിഷ്‌കളങ്കയായ തന്റെ സഹോദരി ഷെഹ്നാസ് ലാലാരുഖ് ഖാന്റെ ജീവിതം മാറി മറിയുന്നത് അച്ഛന്റെ മരണത്തോടെയാണെന്ന് മുമ്പൊരു അഭിമുഖത്തിൽ ഷാരൂഖ് ഖാൻ പറഞ്ഞിട്ടുണ്ട്.
'അവൾ കരഞ്ഞില്ല, സംസാരിച്ചില്ല. അവൾ ശൂന്യതയിലേക്ക് നോക്കിയിരുന്നു. അങ്ങനെ നോക്കിയിരിക്കവെ അവളുടെ ലോകം തന്നെ മാറിപ്പോയി. ഇപ്പോൾ അവൾക്ക് ഭേദമായി. പക്ഷെ കുറച്ച് കുറവുകളുണ്ട്. ദിൽവാലെ ദുൽഹനിയ ലേ ജായേംഗെയുടെ സമയത്ത് അവൾ വീണ്ടും ആശുപത്രിയിലായി. അവൾ രക്ഷപ്പെടില്ലെന്നാണ് അവർ പറഞ്ഞത്.
ഞാൻ എങ്ങനെയോ ധൈര്യത്തിന്റെ ഒരു വ്യാജമുഖം വളർത്തിയെടുത്തു. പുറത്ത് ഞാൻ കാണിച്ചത് അതായിരുന്നു. തമാശകൾ പറഞ്ഞു. എന്റെ ജീവിതത്തിന്റെ വേദനകളേയും സഹോദരിയെപ്പോലെയായിത്തീരുമെന്ന പേടിയും മറക്കാൻ ഞാൻ അങ്ങനെ പലതും കാണിച്ചുക്കൂട്ടി. എനിക്ക് എന്റെ സഹോദരിയെ ഒരുപാടിഷ്ടമാണ്. എനിക്ക് സാധ്യമാകുന്നതിലും അപ്പുറം വളരെ നല്ലൊരു വ്യക്തിയാണ് അവൾ. ദൈവത്തിന്റെ കുഞ്ഞ്. നിഷ്‌കളങ്കയാണ്'' എന്നും ഷാരൂഖ് ഖാൻ പറയുന്നുണ്ട്.