ഓണത്തിന് റിലീസായ സിനിമകളാണ് ലോകയും ഹൃദയപൂർവ്വവും. ഹൃദയപൂർവ്വം ഓണം വിന്നറാകുമെന്ന് കരുതിയെങ്കിലും വലിയ ഹൈപ്പില്ലാതെ വന്ന ലോക വൻ വിജയം കൈവരിച്ചു. ലോകയുടെ സമാനതകളില്ലാത്ത വിജയത്തിനിടയിലും മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലിറങ്ങിയ ഹൃദയപൂർവ്വം നിറഞ്ഞ സദസുകളിലാണ് പ്രദർശനം തുടരുന്നത്. ലോക 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചപ്പോൾ മോഹൻലാൽ ചിത്രം 50 കോടിയിലധികം നേടി.
ഹൃദയപൂർവ്വം തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും സംഗീതിനെ ഓർത്ത് അഭിമാനമുണ്ടെന്നും നസ്ലെൻ പറയുന്നു. ''ഹൃദയപൂർവ്വം ഇപ്പോൾ കണ്ടിറങ്ങിയതേയുള്ളൂ. സിനിമ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. നല്ലൊരു ഫീൽ ഗുഡ് വൈബ് ആയിരുന്നു. സംഗീതേട്ടന്റെ അഭിനയം വളരെ മികച്ചതായിരുന്നു. സത്യം പറഞ്ഞാൽ, നിങ്ങളെയൊർത്ത് അഭിമാനമുണ്ട്'' എന്നാണ് നസ്ലെൻ കുറിച്ചത്.
'രണ്ട് സിനിമ വിജയിച്ചപ്പോഴേക്കും ഇത്രയ്ക്ക് അഹങ്കാരം ആയോ നമ്മുടെ യുവ നടന്മാർക്ക്. നായകനും സിനിമയുടെ പ്രധാന ഘടകവുമായ മോഹൻലാലും ഡയറക്ടർ സത്യൻ അന്തിക്കാടും സ്റ്റോറിയിലില്ല, ഒരു പരാമർശം പോലും ഇല്ല. മോഹൻലാലിനെ ടാഗ് ചെയ്യാൻ മറന്നുവെന്നാണോ? ലോകയുടെ വിജയം ചെക്കന്റെ തലയ്ക്ക് പിടിച്ചുവോ?, ഇത്ര ചെറിയ പ്രായത്തിൽ ഇതുപോലെ അഹങ്കാരവും അനാദരവും കാണിക്കുകയാണെങ്കിൽ അധികദൂരം പോകില്ല' എന്നിങ്ങനെയാണ് മറ്റ് ചിലർ പറയുന്നത്.