മീ ടു ക്യാമ്പയിൻ നല്ലതാണ്, പീഡനം നടന്നാൽ 20 വർഷം കാത്തിരിക്കരുത്, അപ്പോൾ കരണം നോക്കി അടിക്കണം: സിദ്ദിഖിൻ്റെ പഴയ വാക്കുകൾ വൈറലാകുന്നു
യുവനടിയെ പീഡിപ്പിച്ച കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് നടന്‍ സിദ്ദിഖ് ഒളിവില്‍ പോയതോടെ സോഷ്യല്‍ മീഡിയയില്‍ നടന്‍ സ്ത്രീ സുരക്ഷയെ പറ്റി മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ വൈറലാകുന്നു. സ്ത്രീകളെ ആരെങ്കിലും ഉപദ്രവിച്ചാല്‍ പ്രതികരിക്കാന്‍ 20 വര്‍ഷം വരെ കാത്തുനില്‍ക്കാതെ അപ്പോള്‍ തന്നെ മുഖത്തടിക്കണമെന്നാണ് 2018ലെ വാര്‍ത്താസമ്മേളനത്തില്‍ സിദ്ദിഖ് പറഞ്ഞത്. ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ സ്വയം വെളിപ്പെടുത്തലുകളുമായി സ്ത്രീകള്‍ മുന്നോട്ട് വന്ന മീ ടു ക്യാമ്പയിനെ പറ്റിയായിരുന്നു താരത്തിന്റെ അന്നത്തെ പ്രതികരണം.
മീ ടു ക്യാമ്പയിന്‍ നല്ലതിനാണ്. അത് സിനിമാനടിമാര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും നല്ലതാണ്. ഒരാള്‍ ഉപദ്രവിച്ചാല്‍ അയാളുടെ പേര് വെളിപ്പെടുത്തണമെന്ന് ഒരു പെണ്‍കുട്ടി തീരുമാനിക്കുന്നത് നല്ല കാര്യമാണ്. 20 കൊല്ലം കാത്തിരിക്കണമെന്നില്ല. അപ്പോള്‍ തന്നെ കരണം നോക്കി അടിക്കാനുള്ള ധൈര്യം കാണിക്കണം. അന്ന് ധൈര്യമുണ്ടായില്ല 20 കൊല്ലം കഴിഞ്ഞപ്പോള്‍ ധൈര്യമുണ്ടായി എന്ന് പറയാന്‍ നില്‍ക്കരുത്. എല്ലാ പെണ്‍കുട്ടികള്‍ക്കൊപ്പവും കേരള ജനത മുഴുവനുണ്ടാകും. ആക്രമിക്കപ്പെടുന്ന സമയം തന്നെ പ്രതികരിക്കണമെന്നാണ് എന്റെ അപേക്ഷ. 2018 ഒക്ടോബര്‍ 18ന് നല്‍കിയ വാര്‍ത്താസമ്മേളനത്തില്‍ സിദ്ദിഖ് പറഞ്ഞു.
എന്നാല്‍ അതേ സിദ്ദിഖാണ് ഇപ്പോള്‍ തെളിവുകള്‍ എതിരായതിനെ തുടര്‍ന്ന് ഒളിവില്‍ പോയിരിക്കുന്നത്. ബലാത്സംഗം(ഐപിസി 376), ഭീഷണിപ്പെടുത്തല്‍ (506) വകുപ്പുകളാണ് മ്യൂസിയം പോലീസ് സിദ്ദിഖിനെതിരെ ചുമത്തിയിരിക്കുന്നത്. യുവനടിയുടെ പരാതി ശരിവെയ്ക്കുന്ന തെളിവുകള്‍ ലഭിച്ചതോടെയാണ് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയത്.