കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാന പദവി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം ആക്രമാസക്തമായി. സംസ്ഥാന പദവി നല്‍കണമെന്നും ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ലഡാക്കിനെ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം നടക്കുന്നത്. പലെ മേഖലയില്‍ നടന്ന പ്രകടനത്തിനിടെ പ്രക്ഷോഭകര്‍ ബിജെപി ഓഫീസിന് കല്ലെറിയുകയും പോലീസുമായി ഏറ്റുമുട്ടുകയും പോലീസ് വാന്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തി. ബിജെപി ഓഫീസിനും പ്രതിഷേധക്കാര്‍ തീയിട്ടു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ സോനം വാങ്ചുക്കിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് ലേ അപെക്‌സ് ബോഡിയുടെ (എല്‍ എ ബി) യുവജനവിഭാഗം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂള്‍ പദവിയും ആവശ്യപ്പെട്ട് സോനം വാങ്ചുക്ക് കഴിഞ്ഞ 14 ദിവസമായി നിരാഹാരത്തിലാണ്. ഈ സമരത്തിന് പിന്തുണ നല്‍കാനാണ് യുവാക്കള്‍ തെരുവിലിറങ്ങിയത്.
ദീര്‍ഘനാളുകളായി ഇതേ ആവശ്യം ഉന്നയിച്ച് കൊണ്ട് ലേ അപെക്‌സ് ബോഡി(എല്‍എബി), കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ്(കെഡിഎ) എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ലേയില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്. ഇതിനെ തുടര്‍ന്ന് 2023 ജനുവരി 2ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു ഉന്നതാധികാര സമിതി രൂപീകരിച്ചിരുന്നു. ലഡാക്കിന് സംസ്ഥാന പദവി നല്‍കുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി തദ്ദേശീയരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നിവയാണ് ഇവരുടെ പ്രധാന അവശ്യങ്ങള്‍.