ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയുടെ 63-ാം ജന്മദിനമാണിന്ന്. താരത്തിന് ജന്മദിനാശംസകള്‍ നേരുകയാണ് സിനിമാലോകം. അതില്‍ സംവിധായകനും തിരക്കഥാകൃത്തുമായ ഷാജി കൈലാസിന്റെ ആശംസാ കുറിപ്പ് ഏറെ ഹൃദയസ്പര്‍ശിയാണ്. സുരേഷ് ഗോപി തന്റെ വ്യക്തി ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ഷാജി കൈലാസ് ഈ കുറിപ്പില്‍ വിവരിക്കുന്നു.
ഷാജി കൈലാസിന്റെ കുറിപ്പ് വായിക്കാം
1989 ലാണ് ഞാന്‍ ആദ്യമായി ഒരു സിനിമ സംവിധാനം ചെയുന്നത് -'ന്യൂസ്'. സംവിധാനത്തോടൊപ്പം അതിന്റെ കഥയും എന്റേത് തന്നെയായിരുന്നു. ചിത്രം ആദ്യ ഡ്രാഫ്റ്റ് എഴുതുമ്പോള്‍ തന്നെ അതിലെ ഋഷി മേനോന്‍ എന്ന നായക കഥാപാത്രത്തിന് സുരേഷ് ഗോപിയുടെ രൂപം ആയിരുന്നു. ആ ചിത്രം ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും മുന്നോട്ട് സഞ്ചരിക്കാന്‍ ഉള്ള ആത്മ വിശ്വാസം തന്നു. സുരേഷിന്റെ ആദ്യ സോളോ ഹിറ്റ് ആയിരുന്നു ആ ചിത്രം. വിജയത്തോടൊപ്പം എനിക്ക് നല്ലൊരു സുഹൃത്തിനെയും സഹോദരനെയും ആ ചിത്രം സമാനിച്ചു.
പിന്നീട് 1991 ഇല്‍ 'തലസ്ഥാനം' ആയി ഞങ്ങള്‍ വന്നപ്പോള്‍ ആ ചിത്രത്തെ ജനങ്ങള്‍ പൂര്‍വാധികം ആവേശത്തോടെ ഏറ്റെടുത്തത് സ്മരിക്കുന്നു. എനിക്ക് ഞാന്‍ ഭാവിയില്‍ ചെയ്യേണ്ട സിനിമകള്‍ എപ്രകാരം ഉള്ളതായിരിക്കണം എന്ന ദിശ കാണിച്ചു തന്നത് ഈ സിനിമയായിരുന്നു. പിന്നീട് കമ്മീഷണര്‍, ഏകലവ്യന്‍, മാഫിയ തുടങ്ങി ഞങ്ങള്‍ ഒരുമിച്ചു ചെയ്ത എല്ലാ സിനിമകളും ജനങ്ങള്‍ ഏറ്റെടുത്തു കൊണ്ടിരുന്നു. എന്റെ കരിയറിനെ ഇത്ര അധികം ഉയര്‍ത്തി കൊണ്ട് വന്ന ആ മനുഷ്യന്‍ തന്നെ എന്റെ വ്യക്തി ജീവിതത്തിലും ഒരു നിമിത്തമായി പലപ്പോഴും ഉണ്ടായിരുന്നു എന്നതു കൗതുകകരമായ വസ്തുതയാണ്. അന്നത്തെ മുന്‍ നിര നായികയും പില്‍ക്കാലത്തു എന്റെ ജീവിത സഖിയുമായ ആനി ആദ്യമായി എന്റെ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ നായകന്‍ മറ്റാരുമായിരുന്നില്ല. ഞങ്ങളുടെ വിവാഹം നടന്നതും സുരേഷിന്റെ വീട്ടില്‍ വച്ചായിരുന്നു.
അയാളിലെ മികച്ച നടനെക്കാള്‍ എന്നെ എന്നും ആകര്‍ഷിച്ചത് അയാളിലെ നല്ല മനുഷ്യന്‍ ആണ്. സുരേഷിന്റെ കരിയറില്‍ ഒരുപാട് കയറ്റിറക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ അയാള്‍ എന്നും ആ പഴയ സുരേഷ് തന്നെയായിരുന്നു. കൊട്ടി ഘോഷിക്കാതെ അയാള്‍ നിരന്തരം സമൂഹത്തില്‍ നടത്തുന്ന ഇടപെടലുകള്‍ നിരവധിയാണ്. അതിന്റെ ഗുണഭോക്താക്കള്‍ അനവധി സാധാരണക്കാരാണ്. രാഷ്ട്രീയപരമായ എതിര്‍പ്പുകള്‍ കൊണ്ട് വ്യക്തി ആക്ഷേപകങ്ങള്‍ക്കു പലരും മുതിര്‍ന്നപ്പോളും ഒരു ചിരിയോടെ ആണ് സുരേഷ് അതിനെ എതിരേറ്റത്. ആരോടും യാതൊരു വിരോധവും കാണിക്കാത്ത പ്രകൃതമാണ് അയാളുടേത്.