ബ്ലാക്ക് ലേഡി കൈകളില്‍ എത്തുന്നത് രണ്ടാം തവണ, മായാനദിക്കു പിന്നാലെ വെള്ളത്തിലൂടെ,ഷഹബാസ് അമന്റെ വിശേഷങ്ങള്‍
ഷഹബാസ് അമന്റെ വാക്കുകള്‍
നന്ദി.എല്ലാവരോടും സ്നേഹം....രണ്ടാം തവണയാണു ബ്ലാക് ലേഡി എന്നറിയപ്പെടുന്ന ഐക്കോണിക് ഫിലിംഫെയര്‍ അവാര്‍ഡ് (Best singer-male) കൈകളിലെത്തുന്നത് ! മായാനദിക്കു പിന്നാലെ വെള്ളത്തിലൂടെ! യദൃശ്ചയാ രണ്ടിലും തിളങ്ങുന്നു ജലസാന്നിധ്യം! പ്രണയസംഗീതത്തിന്റെ ഉറവവും സ്‌നേഹമസൃണതയുടെ ഉര്‍വ്വരതയും അകം പുറം വറ്റാതിരിക്കട്ടെ അല്ലേ.. 'ആകാശമായവളുടെ'ഗാനശില്‍പ്പികള്‍ പ്രിയകൂട്ടുകാരായ ബിജിബാല്‍ പ്രജേഷ്സെന്‍ നിതീഷ് നടേരി എന്നിവര്‍ക്ക് പ്രത്യേകം നന്ദി.അതോടൊപ്പം ആ പാട്ടിനെ സ്വന്തം നെഞ്ചത്തേക്ക് പറിച്ചുമാറ്റി അവിടെ നനച്ച് വളര്‍ത്തി വലുതാക്കി ഏതു ഋതുവിലും പൂക്കുന്ന വമ്പിച്ച സ്‌നേഹമരമാക്കി മാറ്റിയ മനുഷ്യസഹസ്രങ്ങള്‍ക്കാകെയും നന്ദി! ചില ഗാനങ്ങള്‍ പാടുവാന്‍ നമ്മള്‍ തിരഞ്ഞെടുക്കപ്പെടുന്നതിനു പല കാരണങ്ങളുണ്ടാകാമെങ്കില്‍ ചിലതിനു ശബ്ദം മാത്രമാവാം ഒരു പക്ഷേ ആദ്യ ഹേതു! അങ്ങനെ വരുമ്പോള്‍ ഏതൊരു പാട്ടിന്റെയും അതിനു ലഭിക്കുന്ന ഏതൊരു പുരസ്‌കാരത്തിന്റെയും പുറം പശ്ചാത്തലങ്ങളെയെല്ലാം മാറ്റി നിര്‍ത്തിയാല്‍ അതിന്റെ മൂലകാരണം വളഞ്ഞ്പുളഞ്ഞ് ചെന്നെത്തുക നമ്മുടെ ജീവിതകഥയിലേക്കു തന്നെയാണു! അതാവട്ടെ നമ്മുടെ മാത്രം കഥയൊട്ടല്ല താനും.അത്‌കൊണ്ട് സ്വന്തം പേരിലെന്ന പോലെ എല്ലാവരുടെ പേരിലും ഇത് വിനയത്തോടെയും അഭിമാനപുരസ്സരവും ഉയര്‍ത്തിപ്പിടിക്കുന്നു! ഒരിക്കല്‍കൂടി എല്ലാവര്‍ക്കും നന്ദി. എല്ലാവരോടും സ്‌നേഹം അകമൊഴി: അല്‍ഹംദുലില്ലാഹ് ! എല്ലാ പുകളും ഇരൈവനുക്ക്