ലോഞ്ചിൽ പങ്കെടുക്കാനെത്തിയ ഷാരൂഖ് ഖാന്റെ ലുക്ക് ചർച്ചയാകുന്നു. വലതു കയ്യിൽ സ്ലിങ് ഇട്ട് വേദിയിലേക്ക് കടന്നുവന്ന കിങ് ഖാന് ഇതെന്തു പറ്റിയെന്നാണ് ആരാധകർ ചോദിച്ചത്. കയ്യിൽ എന്തുപറ്റിയെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് ഷാരുഖ് ഇപ്പോൾ. അല്പം തമാശയും കൂട്ടിക്കലർത്തിയായിരുന്നു ഷാരുഖിന്റെ മറുപടി.
'എന്റെ തോളിന് എന്ത് പറ്റി എന്ന് എല്ലാവരും ചോദിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്റെ തോളിന് ചെറിയ പരിക്ക് പറ്റിയിരുന്നു. അതുകൊണ്ട് ചെറിയൊരു ശസ്ത്രക്രിയ നടത്തി, അത്ര ചെറുതല്ല- കുറച്ച് വലുതാണ്. അതിനാൽ എനിക്ക് സുഖം പ്രാപിക്കാൻ ഒന്നോ രണ്ടോ മാസമെടുക്കും. പക്ഷേ കുഴപ്പമില്ല... എന്റെ ദേശീയ അവാർഡ് പിടിക്കാൻ എനിക്ക് ഒരു കൈ മാത്രം മതി.
മാത്രമല്ല, ഞാനിപ്പോൾ മിക്ക കാര്യങ്ങളും ചെയ്യുന്നത് എന്റെ ഒറ്റക്കൈ കൊണ്ടാണ്. ഭക്ഷണം കഴിക്കുന്നതും പല്ലു തേക്കുന്നതുമൊക്കെ. എല്ലാവരുടെയും സ്നേഹം പൂർണ ഹൃദയത്തോടെ സ്വീകരിക്കുന്ന കാര്യം വരുമ്പോൾ മാത്രമാണ് രണ്ട് കയ്യും ഇല്ലാത്തതിന്റെ നഷ്ടം എനിക്ക് തോന്നുന്നത്', ഷാരുഖ് കൂട്ടിച്ചേർത്തു.