ഈ റോളിന് അവള്‍ ശരിയാകില്ല, ജ്യോതികയെ മാറ്റാന്‍ ഞാന്‍ പറഞ്ഞിരുന്നു, എന്നാല്‍ അവള്‍ വന്നപ്പൊള്‍ എന്റെ ധാരണ മാറി: ശബാന അസ്മി
തമിഴ് സിനിമയില്‍ നിന്നും മാറി ഇപ്പോള്‍ ബോളിവുഡിലും സാന്നിധ്യമറിയിച്ചിരിക്കുകയാണ് നടി ജ്യോതിക. വിവാഹം കഴിഞ്ഞതിന് ശേഷം സിനിമാതിരക്കുകളില്‍ നിന്നും മാറിനിന്നിരുന്ന താരം സമീപകാലത്തായാണ് വീണ്ടും സിനിമകളില്‍ തുടര്‍ച്ചയായി അഭിനയിച്ചു തുടങ്ങിയത്. മലയാളത്തില്‍ കാതല്‍ എന്ന സിനിമയില്‍ അഭിനയിച്ച ജ്യോതിക ഹിന്ദിയില്‍ ശെയ്ത്താന്‍, ശ്രീകാന്ത് എന്നീ സിനിമകളില്‍ അഭിനയിച്ചിരുന്നു. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യാനിരിക്കുന്ന ഡബ്ബ കാര്‍ട്ടല്‍ എന്ന സീരീസിലും ജ്യോതിക സുപ്രധാനമായ വേഷമാണ് ചെയ്തിരിക്കുന്നത്.
എന്നാല്‍ ഇപ്പോഴിതാ നെറ്റ്ഫ്‌ളിക്‌സ് സീരീസില്‍ ജ്യോതികയെ മാറ്റാന്‍ താന്‍ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഹിന്ദിയിലെ മുതിര്‍ന്ന താരമായ ശബാന ആസ്മി. അങ്ങനെ പറഞ്ഞതില്‍ ഇപ്പോള്‍ തനിക്ക് ഖേദമുണ്ടെന്നും ശബാന ആസ്മി പറയുന്നു. ജ്യോതിക ഈ സീരീസില്‍ സ്യൂട്ട് ആകില്ലെന്നും മാറ്റാരെയെങ്കിലും പകരം കാസ്റ്റ് ചെയ്യണമെന്നും താന്‍ ആവശ്യപ്പെട്ടിരുന്നതായാണ് ഡാബ കാര്‍ട്ടലിന്റെ ട്രെയ്ലര്‍ ലോഞ്ചിനിടെ ശബാന ആസ്മി പറഞ്ഞത്.
ഞാന്‍ അങ്ങനെ പറഞ്ഞെങ്കിലും ജ്യോതികയെ മാറ്റാനാകില്ലെന്ന് നിര്‍മാതാക്കള്‍ പറഞ്ഞത്. ഇന്ന് ജ്യോതിക കൂടെയുള്ളതില്‍ ഞാന്‍ സന്തോഷവതിയാണ്. കാരണം എനിക്ക് തെറ്റു സംഭവിച്ചു. ജ്യോതികയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനായതില്‍ അതിയായ സന്തോഷമുണ്ട്. മയക്ക് വിതരണത്തെ ചുറ്റിപറ്റിയുള്ള കഥയാണ് ഡബ്ബാ കാര്‍ട്ടല്‍ പറയുന്നത്. അഞ്ച് വീട്ടമ്മമാരാണ് സീരീസിലെ പ്രധാന കഥാപാത്രങ്ങള്‍. ജ്യോതിക, ശബാന ആസ്മി എന്നിവര്‍ക്ക് പുറമെ നിമിഷ സജയന്‍, ശാലിനി പാണ്ഡെ,ലില്ലിത് ഡൂബെ, അഞ്ജലി ആനന്ദ് തുടങ്ങിയവരാണ് സീരീസിലെ മറ്റ് പ്രധാനതാരങ്ങള്‍.