പ്രകാശ് എങ്ങനെ പി ആര്‍ ആകാശ് ആയി? ഫഹദ് ഫാസിലിന്‍റെ വിനോദയാത്ര!

തിങ്കള്‍, 16 ഏപ്രില്‍ 2018 (15:14 IST)
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘മലയാളി’ എന്ന് പേരിട്ടു. ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്നു. ശ്രീനിവാസനാണ് രചന. പ്രകാശന്‍ എന്നാണ് ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മലയാളികള്‍ ഇന്നനുഭവിക്കുന്ന സാമൂഹ്യവും രാഷ്ട്രീയവുമായ പ്രശ്നങ്ങളെ നര്‍മ്മരസപ്രധാനമായി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും മലയാളി. 
 
സത്യന്‍ അന്തിക്കാടിന്‍റെ ‘ഒരു ഇന്ത്യന്‍ പ്രണയകഥ’യില്‍ ഫഹദ് ഫാസിലായിരുന്നു നായകന്‍. ഇപ്പോള്‍ ദേസീയ പുരസ്കാരത്തിളക്കത്തില്‍ നിക്കുന്ന ഫഹദിന് ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമായിരിക്കും മലയാളിയിലെ പ്രകാശന്‍. എസ് കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ഷാന്‍ റഹ്‌മാന്‍.
 
സത്യന്‍ അന്തിക്കാടിന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ നിന്ന്:
 
പുതിയ സിനിമയുടെ കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞാനും ശ്രീനിവാസനും.
പല കഥകളും ആലോചിച്ചു. 
പലതും ആരംഭത്തില്‍ തന്നെ വിട്ടു.
"എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന്" ദാസനും വിജയനും പറഞ്ഞത് വെറുതെയല്ലല്ലോ.
 
ഒരു ദിവസം അതിരാവിലെ ഉറക്കമുണര്‍ന്ന് വരുമ്പോള്‍, പുറത്തെ മുറിയില്‍ ശ്രീനിവാസന്‍ ശാന്തനായി ഇരിക്കുന്നു.
"കഥ കിട്ടി"
ശ്രീനി പറഞ്ഞു.
"കഥക്ക് വേണ്ടി നമ്മള്‍ കാട് കേറി അലയേണ്ട കാര്യമൊന്നുമില്ല. നമുക്ക് ചുറ്റും തന്നെയുണ്ട് കഥാപാത്രങ്ങള്‍."
ദാസനും വിജയനും, ഗോപാലകൃഷ്ണപ്പണിക്കരും, മുരളിയും, കാഞ്ചനയും, ശ്യാമളയും, തളത്തില്‍ ദിനേശനുമൊക്കെ നമ്മുടെ ചുറ്റുവട്ടത്ത് നിന്ന് ശ്രീനി കണ്ടെടുത്തവരാണ്.
 
"നമുക്ക് പ്രകാശന്റെ കഥ പറയാം. ഗസറ്റില്‍ പരസ്യപ്പെടുത്തി, 'പി ആര്‍ ആകാശ്' എന്ന് സ്വയം പേര് മാറ്റിയ പ്രകാശന്റെ കഥ."
പറഞ്ഞു പറഞ്ഞ് ആ കഥ വികസിച്ചു. 
അതാണ് ഞങ്ങളുടെ പുതിയ സിനിമ. 
ഫഹദ് ഫാസിലാണ് പ്രകാശന്‍.
 
'ജോമോന്റെ സുവിശേഷങ്ങള്‍'ക്ക് ശേഷം ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് തന്നെ ഈ സിനിമയും നിര്‍മ്മിക്കുന്നു.
ജൂലൈ ആദ്യവാരം ചിത്രീകരണം തുടങ്ങാം.
എസ് കുമാര്‍ ആണ് ഛായാഗ്രഹണം. 
ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നു.
 
വൈകി പേരിടുന്ന സ്ഥിരം രീതിയും ഒന്ന് മാറ്റുകയാണ്.
 
'മലയാളി' എന്നാണ് സിനിമയുടെ പേര്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍