ഇത് പകല്‍‌ക്കൊള്ള, ചാര്‍ജ്ജ് വര്‍ദ്ധനവിന് പിന്നില്‍ സര്‍ക്കാരിന്‍റെയും തിയേറ്റര്‍ ഉടമകളുടെയും ഒത്തുകളി: സലിം പി ചാക്കോ

രേണു കുര്യന്‍ പാലാട്ട്

തിങ്കള്‍, 18 നവം‌ബര്‍ 2019 (19:14 IST)
ചാര്‍ജ്ജ് വര്‍ദ്ധനവ് എന്ന പേരില്‍ വന്‍ പകല്‍ കൊള്ളയാണ് സംസ്ഥാനത്തെ സിനിമാ തിയേറ്റടുകളില്‍ നടക്കുന്നതെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന ജനറൽ സെക്രട്ടറി സലിം പി. ചാക്കോ. സംസ്ഥാന സർക്കാരും തിയേറ്റർ ഉടമകളും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലുള്ളതെന്നും ആരോപണം. 
 
യാതൊരു മാനദണ്ഡവുവില്ലാതെ  ജിഎസ്‌ടി , ക്ഷേമനിധി, വിനോദ നികുതി എന്നിവയുടെ മറവിൽ വൻ സിനിമ ചാർജ്ജ് വർദ്ധനവാണ് തിയേറ്റടുമകൾ ഈടാക്കാൻ തിരുമാനിച്ചിട്ടുള്ളത്. ശനിയാഴ്ച മുതൽ തന്നെ ചില തിയേറ്ററുകൾ ചാർജ് വർദ്ധനവ് നടപ്പാക്കിത്തുടങ്ങിയിരുന്നു. പത്തുരൂപ മുതൽ മുപ്പത് രൂപ വരെയാണ്  ഇപ്പോൾ ചാർജ് വർദ്ധനവ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് സലിം പി. ചാക്കോ പറഞ്ഞു. 
 
ഒരു ടിക്കറ്റിന് 350 രൂപ വരെ ഈടാക്കുന്ന നിലയില്‍ സാധാരണക്കാരന്‍ തിയേറ്ററിലെത്തുന്നത് എങ്ങനെയാണ്? നാലുപേരുള്ള ഒരു ഫാമിലിക്ക് സിനിമ കാണണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 2000 രൂപ ചെലവാകുമെന്നതാണ് അവസ്ഥ. സിനിമ സാധാരണക്കാരന്‍റെ വിനോദോപാധിയായിരുന്നു ഒരുകാലത്തെങ്കില്‍ ഇന്നത് അവന് ലക്ഷ്വറിയായി മാറിയിരിക്കുന്നു. ജനങ്ങള്‍ തിയേറ്ററുകളില്‍ നിന്നകലാനും വ്യാജപ്രിന്‍റുകളുടെ കച്ചവടക്കാര്‍ക്ക് ചാകരക്കാലം ഒരുക്കാനും മാത്രമാണ് ഇത്തരം നടപടികള്‍ സഹായിക്കുകയെന്നും സലിം പി. ചാക്കോ ആരോപിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍