‘കടിക്കുന്നെങ്കിൽ കാരണമുണ്ട്, നായ്ക്കളോട് എങ്ങനെ പെരുമാറണമെന്ന് കുട്ടികളെ പഠിപ്പിക്കുന്നില്ല’; വിവാദ പരാമർശവുമായി നടി സദ

നിഹാരിക കെ.എസ്

ശനി, 16 ഓഗസ്റ്റ് 2025 (14:01 IST)
തെരുവുനായ വിഷയത്തില്‍ വീണ്ടും പ്രതികരണവുമായി നടി സദ. നായ്ക്കൾ അക്രമകാരികൾ ആകുന്നതിന് കാരണം മനുഷ്യരുടെ പെരുമാറ്റമാണെന്നും അവരോട് എങ്ങനെ പെരുമാറണമെന്ന് കുട്ടികളെ നാം പഠിപ്പിക്കുന്നില്ലെന്നും സദ പുതിയ വീഡിയോയിൽ പറഞ്ഞു. നടിയുടെ പരാമർശം വിവാദമായിരിക്കുകയാണ്. 
 
ഒരു കുട്ടി തെരുവുനായയെ സൈക്കിളില്‍ പിന്തുടരുന്നതും പിന്നീട് കല്ലെറിയുന്നതുമായ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു സദയുടെ പ്രതികരണം. നായകളെ സ്നേഹത്തോടെയും അനുകമ്പയോടെും പരിഗണിച്ചാല്‍ അവ മനുഷ്യന്‍റെ ഉറ്റ സുഹൃത്താകുമെന്നും സദ പറഞ്ഞു. മാന്യമായ രീതിയിൽ ഇടപെഴകാത്തത് കൊണ്ടാണ് നായ്ക്കൾ കടിക്കുന്നതെന്നും സദ പറയുന്നുണ്ട്.
 
'നായകള്‍ കുട്ടികളെ കടിക്കുന്നു എന്ന് മാതാപിതാക്കള്‍ പറയുന്നുണ്ടെങ്കില്‍ അതിന് കാരണം ഇതാണ്. കുട്ടികളെ ഒരിക്കലും അനുകമ്പ എന്താണെന്ന് പഠിപ്പിക്കുന്നില്ല, മൃഗങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കുന്നില്ല. അതുകൊണ്ടാണ് നായ്ക്കളാണെങ്കിലും മറ്റേത് മൃഗമാണെങ്കിലും പ്രതിരോധത്തിനായോ പേടി കൊണ്ടോ പ്രതികരിക്കുകയോ കടിക്കുകയോ ചെയ്യുന്നത്. നിങ്ങള്‍ ഒരിക്കലെങ്കിലും ഒരു നായയ്ക്ക് ഭക്ഷണം കൊടുക്കുകയാണെങ്കില്‍ ഏത് ഭീകരമായ സാഹചര്യത്തിലും അത് നിങ്ങളെ രക്ഷിക്കാന്‍ ജീവന്‍ പോലും കൊടുക്കും', സദ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍